wedding

TOPICS COVERED

'ഐഎഎസ്' ഉദ്യോഗസ്ഥനെ വിവാഹം ചെയ്ത യുവതി മനുഷ്യക്കടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഐഎഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എത്തിയ യുവാവ്, വിവാഹ ശേഷം യുവതിയെ വിൽക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

ഇറ്റാവയിൽ നിന്നുള്ള പ്രീതം കുമാർ നിഷാദാണ് മണിക്പൂരിൽ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയുടെ കുടുംബത്തിന് മുന്നിലെത്തിയത്. കുടുംബത്തിന്റെ വിശ്വാസം നേടുന്നതിനായി, ഒരു വാർത്താ ചാനലിൽ നൽകിയ അഭിമുഖത്തിന്റെ ഭാഗവും, ഓഫീസ് സെറ്റപ്പിൽ നിൽക്കുന്ന ഫോട്ടോകളും വിഡിയോകളും, രാഷ്ട്രീയ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും അയാൾ കുടുംബത്തിന് നല്‍കിയിരുന്നു. കൂടുതൽ അന്വേഷിച്ചാല്‍ വിവാഹത്തില്‍ നിന്നും യുവാവ് ഒഴിഞ്ഞേക്കാമെന്ന് ഭയന്ന് വധുവിന്റെ കുടുംബം വരനെ കുറിച്ച് മറ്റൊന്നും അന്വേഷിച്ചില്ല. കൂടാതെ, സ്ത്രീധനം വാങ്ങില്ലെന്ന് പ്രീതം വാഗ്ദാനവും ചെയ്തിരുന്നു.

എന്നാൽ പിന്നീട്, വിവാഹച്ചെലവിന്റെ പേരിൽ 15 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടു. വധുവിന്റെ കുടുംബം സമ്മർദ്ദത്തിന് വഴങ്ങി, വിവാഹനിശ്ചയ ദിവസം 10 ലക്ഷം രൂപ പണമായി നല്‍കി. പിന്നീട് 5 ലക്ഷം രൂപ കൂടിയും നൽകി. മാർച്ച് 11 നായിരുന്നു വിവാഹം. വധുവിന്റെ വീട്ടുകാർ ആഢംബരം പൂര്‍ണമായിട്ടാണ് വിവാഹമായിരുന്നു നടത്തിയത്. വധുവിന്റെ പിതാവ് വരന്റെ ആളുകൾക്കായി ഒരു ഹോട്ടലിൽ താമസം ഉൾപ്പെടെയുള്ള വിപുലമായ ഒരുക്കങ്ങൾ ചെയ്തിരുന്നു. ഏകദേശം 30 ലക്ഷം രൂപയാണ് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തിനായി ചെലവഴിച്ചത്. 

വിവാഹത്തിന്റെ പിറ്റേദിവസം വധു സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിനൊപ്പം പോയതിനു ശേഷമാണ് സത്യം പുറത്തറിഞ്ഞത്. ഭർത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലുടനീളം താൻ പീഡിപ്പിക്കപ്പെട്ടതായി മകൾ തന്നോട് പറഞ്ഞതായി വധുവിന്റെ പിതാവ് പരാതിയിൽ പറയുന്നു. വിവരം അറിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ മാതാപിതാക്കൾ, മകളെ ഒരു ചെറിയ മുറിയിൽ അടച്ചിട്ടിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വധുവിന്റെ കുടുംബം എത്തിയതോടെ പ്രീതവും സഹോദരിയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. 

പ്രീതവും കുടുംബവും തന്നെ വിൽക്കാൻ പദ്ധതിയിട്ടിരുന്നെന്നും കുടുംബം കൃത്യസമയത്ത് എത്തിയില്ലായിരുന്നുവെങ്കില്‍ അവര്‍ തന്നെ വില്‍ക്കുമായിരുന്നെന്നും വധു പിതാവിനോട് പറഞ്ഞതായി പരാതിയിൽ പറയുന്നു. കൂടാതെ പ്രീതം ഇത്തരത്തില്‍ രണ്ടുതവണ വിവാഹം കഴിച്ചതായി നാട്ടുകര്‍ പറഞ്ഞതായും പിതാവ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രീതമിനും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. 

ENGLISH SUMMARY:

A woman narrowly escaped a human trafficking ring after marrying a man posing as an IAS officer in Gorakhpur, Uttar Pradesh. The accused, Pritam Kumar Nishad, allegedly attempted to sell the bride after their wedding, but her family's timely intervention led to her rescue.