varanasi

TOPICS COVERED

കോളജിൽ സഹപാഠി വെടിവെച്ചു കൊലപ്പെടുത്തിയ മകന്‍റെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച്‌ പിതാവ്. വാരണാസിയിലെ ഉദയ് പ്രതാപ് കോളേജിലാണ് വ്യക്തിപരമായ തർക്കത്തെ തുടർന്ന് 23 കാരനെ സഹപാഠി വെടിവെച്ച് കൊലപ്പെടുത്തിയത്. ബിഎ നാലാം സെമസ്റ്റർ വിദ്യാർത്ഥിയായ സൂര്യ പ്രതാപ് സിങാണ് കൊല്ലപ്പെട്ടത്. 

വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. കോളജിലെ സോഷ്യൽ സയൻസസ് ഫാക്കൽറ്റി കെട്ടിടത്തിന്‍റെ ഇടനാഴിയിൽ വെച്ച് മഞ്ജീത് ചൗഹാൻ എന്ന സഹപാഠി സൂര്യ പ്രതാപിന് നേരെ വെടിയുതിരിക്കുക ആയിരുന്നു. തലയ്ക്കും നെഞ്ചിനും നേരെ നാല് റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂര്യ പ്രതാപ് ചികിത്സയ്‌ക്കിടെയാണ് മരണപ്പെട്ടത്.

കൊലപാതകത്തിന് ശേഷം പ്രതി പിസ്റ്റൾ അടുത്തുള്ള ഒരു മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പൊലീസ് പിന്നീട് തോക്ക് കണ്ടെടുത്തു. വിവരമറിഞ്ഞ സൂര്യ പ്രതാപ് സിങ്ങിന്‍റെ പിതാവ്, പ്രതിയെ എൻകൗണ്ടറിലൂടെ  കൊല്ലണമെന്ന് ആവശ്യപ്പെട്ട് മകന്‍റെ മൃതദേഹം  ദഹിപ്പിക്കാൻ വിസമ്മതിച്ചു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം പ്രതിയെ ഇല്ലാതാക്കുന്നതുവരെ സംസ്കാരം നടത്തില്ലെന്ന് പിതാവ് ഉറപ്പിച്ചു പറഞ്ഞു. പൊലീസിന്‍റെ ഇടപെടലിൽ മൃതദേഹം ശിവ്പൂരിലെ കുടുംബത്തിന്‍റെ വസതിയിലേക്ക് കൊണ്ടുപോയി. ഗാസിപൂർ ജില്ലയിലെ താമസക്കാരനായ സൂര്യ പ്രതാപ് പഠനത്തിനായി വാരണാസിയിൽ താമസിക്കുക ആയിരുന്നു. അതുലാനന്ദ് സ്കൂളിലെ ജീവനക്കാരായ ഋഷിദേവ് സിങ്ങിന്‍റെയും കിരൺ സിങ്ങിന്‍റെയും ഏക മകനാണ് സൂര്യ പ്രതാപ് സിങ്.

ENGLISH SUMMARY:

A father has refused to cremate his son's body after he was shot dead by a classmate at Uday Pratap College in Varanasi. The 23-year-old student, Surya Pratap Singh, was killed following a personal dispute, and his father is demanding an encounter killing of the perpetrator before agreeing to the funeral rites.