indore-ev-fire-tragedy

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇവി ചാര്‍ജിങ് സ്റ്റേഷനില്‍ നിന്നും മൂന്ന് നില റെസിഡൻഷ്യൽ കെട്ടിടത്തിലേക്ക് തീപടര്‍ന്ന് 12 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം. ബംഗാളി സ്‌ക്വയറിനടുത്തുള്ള ബ്രിജേശ്വരി അനക്സില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പുലർച്ചെ നാല് മണിയോടെ കെട്ടിടത്തിന് പുറത്ത് ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് വാഹനത്തില്‍ നിന്നാണ് തീപടര്‍ന്നത്. രാത്രി മുഴുവൻ ചാർജ് ചെയ്യുന്നതിനായി ഇലക്ട്രിക് കാർ പ്ലഗ് ഇൻ ചെയ്തിരിക്കുകയായിരുന്നു. ചാർജിങ് പോയിന്റിൽ പെട്ടെന്നുള്ള ഷോർട്ട് സർക്യൂട്ടില്‍ വാഹനത്തിന് തീപിടിക്കുകയും മിനിറ്റുകൾക്കുള്ളിൽ തീജ്വാലകൾ മൂന്ന് നിലകളുള്ള കെട്ടിടത്തിലേക്ക് പടരുകയുമായിരുന്നു.

വീട്ടില്‍ പത്തോളം എൽപിജി സിലിണ്ടറുകളും സൂക്ഷിച്ചിരുന്നു. തീപടര്‍ന്നതോടെ അവയില്‍ പലതും പൊട്ടിത്തെറിച്ചു, ഇത് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചു. പുലർച്ചെ 4:00 നും 4:30 നും ഇടയിൽ വീട്ടിനുള്ളില്‍ നിന്നും ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായതാണ് ദൃസാക്ഷികള്‍ പറയുന്നത്. എൽപിജി സിലിണ്ടറിന് പുറമെ കത്തുന്ന മറ്റ് വസ്തുക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നിരിക്കാം എന്നാണ് പൊലീസിന്‍റെ അനുമാനം.

തീപിടുത്തമുണ്ടായതോടെ വീട്ടിലെ വൈദ്യുതി നിലച്ചു. ഇലക്ട്രോണിക് ലോക്കിങ് സംവിധാനങ്ങളാണ് വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി നിലച്ചതോടെ ലോക്കിങ് സിസ്റ്റം പ്രവര്‍ത്തന രഹിതമാകുകയും വാതിലുകള്‍ തുറക്കാന്‍ കഴിയാതെ കുടുംബം വീട്ടിനുള്ളില്‍ കുടുങ്ങുകയുമായിരുന്നു. വിവരം ലഭിച്ചയുടനെ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അഗ്നിരക്ഷാ സേനയ്ക്കും വീടിനുള്ളിലേക്ക് കടക്കാനായില്ല. ഒടുവില്‍ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിലൂടെയാണ്  ക്ഷാപ്രവർത്തകർ അകത്തു പ്രവേശിച്ചത്.

മൂന്ന് പേരെ ആദ്യം സുരക്ഷിതമായി പുറത്തെത്തിച്ചു. ആറ് പേരെ പിന്നീട് അബോധാവസ്ഥയിൽ കണ്ടത്തുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പുക ശ്വസിച്ചാണ് മരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടം ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചിരുന്നു.

പോളിമർ വ്യാപാരിയായ മനോജ് പുഗാലിയയുടേതാണ് വീട്. മനോജ് പുഗാലിയ (65), വിജയ് സേത്തിയ (65), ഛോട്ടു സേത്തിയ (22), സുമൻ (60), സിമ്രാൻ (30), റാഷി സേത്തിയ (12), ടിനു (35) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ സൗരഭ് പുഗാലിയ (30), ആശിഷ് (30), ഹർഷിത് പുഗാലിയ (25) എന്നിവര്‍ ചികില്‍സയില്‍ തുടരുകയാണ്.

ENGLISH SUMMARY:

A devastating fire in Indore's Brijeshwari Annex claimed the lives of seven family members, including a 12-year-old girl. The blaze started from an electric vehicle charging overnight, leading to multiple LPG cylinder explosions. Electronic locking systems trapped the family inside as power failed. Read more about the victims, including polymer trader Manoj Pugalia, and the safety warnings issued by Indore police.