indian-bride

TOPICS COVERED

വിവാഹതട്ടിപ്പുകളുടെ വാര്‍ത്തകള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. ഒരാള്‍ പല വിവാഹങ്ങള്‍ നടത്തിയതും സ്വര്‍ണവും പണവും തട്ടിയതുള്‍പ്പടെ വാര്‍ത്തകളാകാം അവ. എന്നാല്‍ ഈയടുത്ത് മധ്യപ്രദേശിലുണ്ടായ ഒരു യമണ്ടന്‍ വിവാഹതട്ടിപ്പിന്‍റെ വാര്‍ത്തയാണ് രാജ്യശ്രദ്ധ നേടുന്നത്.  ഒന്നും രണ്ടുമല്ല 42 പുരുഷന്‍മാരാണ് തട്ടിപ്പിനിരയായത്. 

ഇന്തോറിലെ അനാഥാലയത്തിലെ പെണ്‍കുട്ടികള്‍ക്കായി വരന്‍മാരെ തിരയുന്നു എന്ന രീതിയില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ എത്തിയ തട്ടിപ്പുകാരന്‍ വരന്‍മാരെ തിരയുന്നു എന്ന  പേരില്‍ വീടു വീടാന്തരം കയറി പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കാണിച്ചു. ഇവയില്‍ അനുയോജ്യരായ പെണ്‍കുട്ടികളെ യുവാക്കള്‍ തിരഞ്ഞെടുത്തു. എന്നാല്‍ ഗൂഗിളില്‍ നിന്ന് തിരഞ്ഞെടുത്ത മോഡലുകളുടെ ചിത്രങ്ങളായിരുന്നു ഇയാള്‍ കാണിച്ചുകൊടുത്തത്. വിവാഹം അടുത്ത ആഴ്ചയാണെന്നും ചടങ്ങുകള്‍ക്ക് റജിസ്ട്രേഷന്‍ ഫീസായി 25000 രൂപ തരണമെന്നും ഇയാള്‍ യുവാക്കളോട് പറഞ്ഞു. പലരും ഉടന്‍ തന്നെ പണം നല്‍കി. ചിലര്‍ പിന്നീട് അയച്ചുനല്‍കി.  തുടര്‍ന്ന് ദിവസവും തിയതിയും ഇവരെ വിളിച്ചറിയിച്ചു. സ്ഥലത്തേക്ക് താലിയും വധുവിനെ കൊണ്ടുപോകാനുള്ള സൗകര്യവും ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി. 

വിവാഹദിനത്തില്‍ സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് വരാനാണ് യുവാക്കളോടെ തട്ടിപ്പുകാരന്‍ പറഞ്ഞത്. സ്ത്രീധനവും യുവാക്കള്‍ക്ക് ചടങ്ങിന് ധരിക്കാനുള്ള വസ്ത്രങ്ങളും എല്ലാം വേദിയില്‍ എത്തുന്നതിന് മുന്‍പ് നല്‍കുമെന്നും പറഞ്ഞു. 42 യുവാക്കളാണ് ചടങ്ങിനെത്തിയത് ബന്ധുക്കളും വാഹനങ്ങളുമായി നിരവധി പേര്‍ സ്ഥലത്തെത്തി. എന്നാല്‍ വധുക്കള്‍ എത്തിയില്ല. മൂഹൂര്‍ത്തം അടുത്തതോടെ സ്പോണ്‍സര്‍ എന്ന തട്ടിപ്പുകാരനെ ഇവര്‍ വീണ്ടും വിളിച്ചു. എന്നാല്‍ ഉടനെ എത്തുമെന്നായിരുന്നു മറുപടി. പിന്നീട് ഇയാള്‍ ഫോണെടുക്കാതെയായി. കാത്തിരുന്ന ചിലര്‍ക്ക് തങ്ങള്‍ തട്ടിപ്പിലകപ്പെട്ടതാണെന്ന് മനസിലായി. എന്നാല്‍ ചിലരാകട്ടെ അര്‍ധരാത്രി വരെ വധുവിനായി കാത്തിരുന്നു. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് ആരോപണവിധേയനായ മുകേഷിന്‍റെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മുകേഷിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 

ENGLISH SUMMARY:

Malayala Manorama Online News reports on a massive marriage fraud in Madhya Pradesh where 42 men were duped by a scammer posing as a facilitator for girls from an orphanage. The accused lured prospective grooms with pictures of models found online and collected registration fees, promising to arrange marriages that never materialized.