ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ ജീവപര്യന്തം ശിക്ഷ 7വര്‍ഷം മാത്രമാക്കി കുറച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് ഏറെ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കിയ വിധി വന്നിരിക്കുന്നത്. ഭാര്യയുടെ ഒരു അഭിപ്രായം അടിസ്ഥാനമാക്കിയാണ് കോടതി ഇത്തരമൊരു വിചിത്രശിക്ഷാവിധി നടത്തിയിരിക്കുന്നത്. ‘എനിക്ക് നിന്നെപ്പോലെ ആയിരം ഭര്‍ത്താക്കന്‍മാരെ കിട്ടും’എന്ന ഭാര്യയുടെ അഭിപ്രായമാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്.
2021 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗര്‍ഭിണിയായ ഭാര്യ കിരണിനെ കൊലപ്പെടുത്തിയ ശിവയെ ചിന്ദ്വാര വിചാരണക്കോടതിയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. കുല്‍ബാഹേരി നദിയുടെ തീരത്തുവച്ച് കല്ലുകൊണ്ടാക്രമിച്ചാണ് കിരണിനെ ശിവ കൊലപ്പെടുത്തിയത്. നിന്നെപ്പോലെ ആയിരം ഭര്‍ത്താക്കന്‍മാരെ എനിക്ക് കിട്ടുമെന്ന ഭാര്യയുടെ പരിഹാസമാണ് കൊലയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനമെന്നും ശിവ കോടതിയില്‍ വാദിച്ചു. കൊലപാതകത്തിനു ശേഷം ശിവ തന്നെയാണ് ഭാര്യയുടെ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചത്.
ജസ്റ്റിസ് വിവേക് അഗർവാൾ, ജസ്റ്റിസ് അവനീന്ദ്ര കുമാർ സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ലെന്നും, പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സംഭവിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ഈ പരിഹാസം ഭര്‍ത്താവിന്റെ അന്തസിനെ ചോദ്യം ചെയ്യുന്നതാണെന്നും ഒരു വ്യക്തിക്ക് അനിയന്ത്രിതമായ ദേഷ്യമുണ്ടാക്കാൻ കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.