Image: X
കേതന്‍ അഗര്‍വാള്‍ കൊലക്കേസിലെ തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് കേസിലെ പ്രതിയും കേതന്‍റെ പ്രതിശ്രുതവധുവുമായ സിയ ഗോയല്‍. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോളായിരുന്നു സംഭവം. വീടിനുപുറത്ത് നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തികാണിക്കുകയായിരുന്നു സിയ. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പൂനെയിലെ മാർക്കറ്റ് യാർഡിലെ സിയയുടെ വീട്ടിലായിരുന്നു തെളിവെടുപ്പ്. വാർത്താ ഏജൻസിയായ ഐഎഎൻഎസ് എക്‌സിൽ പോസ്റ്റ് ചെയ്ത 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ തെളിവെടുപ്പിന് ശേഷം സിയയെ പൊലീസ് അകമ്പടിയില്‍ തിരികെ കൊണ്ടുപോകുന്നത് കാണാം. കറുത്ത ടീ-ഷർട്ടും മുഖം മൂടുന്ന തരത്തില്‍ സ്കാർഫും ധരിച്ചാണ് സിയയെ എത്തിച്ചത്. തിരികെ കൊണ്ടുപോകുന്നതിനിടെ തന്‍റെ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളെ നോക്കി സിയ നടുവിരല്‍ കാണിക്കുകയായിരുന്നു.
ജൂൺ 18-നാണ് പൂനെ ലോഹ്ഗഡ് കോട്ടയിൽ വെച്ച് കേതൻ അഗർവാളിനെ സിയയും കാമുകനും ചേര്‍ന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുന്നത്. ആദ്യം ഇതൊരു അപകടമരണമായിട്ടാണ് കരുതിയിരുന്നതെങ്കിലും, അന്വേഷണത്തിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
കേതനുമായുള്ള വിവാഹത്തിൽ സിയക്ക് താൽപ്പര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ ചേതനുമായുള്ള ബന്ധത്തിന് തടസമായതിനാലും കേതനെ ഒഴിവാക്കാനായിരുന്നു കൊല. കൊലപാതകം നടത്തുന്നതിന് മുൻപ് പ്രതികൾ ലോഹ്ഗഡ് കോട്ടയിൽ വെച്ച് പലതവണ ഇതിനായി പരിശീലനം നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിൽ മാസങ്ങളായി രണ്ടായിരത്തിലധികം ഫോൺ കോളുകൾ നടത്തിയിരുന്നതായും നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കേസില്‍ സിയ നുണ പരിശോധനയ്ക്ക് സമ്മതം അറിയിച്ചിട്ടുണ്ട്.