Image: X, Instagram
കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസില്‍ നടിയും കൂട്ടാളികളും പിടിയില്‍. ബെംഗളൂരുവിലാണ് സംഭവം. സംവിധായകൻ ടി.എ. അനീഷിനെയാണ് സംഘം ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. നടി ഐശ്വര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
സിനിമയിലെ സാമ്പത്തിക തർക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. തന്റെ കാര്‍ വില്‍ക്കണമെന്ന് അനീഷ് അടുത്ത സുഹൃത്തായ ഐശ്വര്യയോട് പറഞ്ഞിരുന്നു. കാർ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് അനീഷിനെ ഐശ്വര്യ മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനീഷ് ഫെബ്രുവരി 11 ന് അഡുഗോഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അനീഷ് സംവിധാനം ചെയ്ത ചിത്രമായ ‘ജീവനാദ ബാഷെ’ എന്ന ചിത്രത്തിന്റെ ഇന്‍വെസ്റ്ററുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്ന് അനീഷ് പരാതിയില്‍ പറയുന്നു. ഇതിനിടെ അനീഷ് ബെംഗൂളൂരുവില്‍ നിന്നും മുംബൈയിലേക്ക് താമസം മാറി. ഇതിനിടെയാണ് കാര്‍ വില്‍പനയക്ക് ശ്രമിച്ചത്. സഹായിക്കാമെന്ന് പറഞ്ഞാണ് അനീഷിനെ ഐശ്വര്യ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയത്. തമ്മില്‍ കണ്ടതിനു പിന്നാലെ അനീഷിനെ ഒരു സംഘമെത്തി തട്ടിക്കൊണ്ടുപോവുകയും മര്‍ദിക്കുകയും ചെയ്തു.
ആളൊഴിഞ്ഞ മേഖലയിലെ വീട്ടിലെത്തിച്ച് ആറേഴു പേര്‍ തന്നെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ടും ഹോക്കി സ്റ്റിക്കുകൊണ്ടും ക്രൂരമായി മര്‍ദിച്ചെന്ന് അനീഷ് പറയുന്നു. ധരിച്ചിരുന്ന ആഭരണങ്ങളും 30,000രൂപയും കവര്‍ന്നു. പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ അഡുഗോഡി പൊലീസ് പ്രതികളെ പിടികൂടിയ ശേഷം കാറും ആഭരണങ്ങളും പണവും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കന്നഡ ടെലിവിഷന്‍ നടി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് സമാനമായൊരു പരാതി നല്‍കിയത്. ഒരു സ്റ്റേഡിയത്തില്‍ പരിപാടിക്കെത്തിയ തന്റെ വാഷ്റൂം ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണമാവശ്യപ്പെട്ടെന്നായിരുന്നു നടി നല്‍കിയ പരാതി.