ഉന്നത പഠനത്തിനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കുമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർക്കെതിരായ വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും ഭയപ്പെടുത്തുന്ന രീതിയിൽ വർധിക്കുന്നതായി പാർലമെന്റിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അമേരിക്ക, ബ്രിട്ടൻ, അയർലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളി വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങളിൽ ഏഴിരട്ടിയിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 മുതൽ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ രജിസ്റ്റർ ചെയ്ത ഔദ്യോഗിക പരാതികളുടെയും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.

വിദ്വേഷത്തെത്തുടർന്നുള്ള കുറ്റകൃത്യങ്ങൾ, വർഗീയവും വംശീയവുമായ അധിക്ഷേപങ്ങൾ, മോഷണം, തെരുവ് ആക്രമണങ്ങൾ എന്നിവയിലാണ് വലിയ വർധനയുണ്ടായിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം പങ്കുവച്ച കണക്കുകൾ പ്രകാരം, 2021ൽ ഇത്തരത്തിൽ 15 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ 2025ൽ ഇത് കുത്തനെ ഉയർന്ന് 104 ആയി.

2021ൽ ഇത്തരത്തിലുള്ള ഒരു കേസ് മാത്രമാണ് അമേരിക്കയിൽ രജിസ്റ്റർ ചെയ്തത്. 2022ൽ ആറും, 2023ൽ ഒന്നും, 2024ൽ 11ഉം, 2025ൽ 14ഉം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുഎഇ, യുകെ, കാനഡ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

വിദേശ രാജ്യങ്ങളിൽ വളർന്നുവരുന്ന തീവ്ര കുടിയേറ്റവിരുദ്ധ മനോഭാവവും പ്രാദേശിക സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് ഇത്തരം പ്രവണതകൾക്ക് പ്രധാന കാരണങ്ങളായി അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, വിഷയത്തിൽ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായും നയതന്ത്ര പ്രതിനിധികളുമായും കേന്ദ്ര സർക്കാർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ നിയമസഹായവും കൗൺസിലിങ്ങും എംബസികൾ വഴി ലഭ്യമാക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Indians abroad are facing a frightening increase in racial abuse and attacks, as per a shocking report from the Union External Affairs Ministry in Parliament. This trend highlights growing xenophobia and economic pressures in host countries, impacting the safety and well-being of the Indian diaspora.