എസി സ്ഥാപിക്കുന്നതുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ യുപിഎസ്‌സി പരിശീലനത്തിനെത്തിയഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത വംശീയാധിക്ഷേപം. അരുണാചല്‍പ്രദേശില്‍ നിന്നുളള മൂന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് നേരെയാണ് മോശം പരാമര്‍ശങ്ങളുണ്ടായത് . ഇവരെ ലൈംഗിക തൊഴിലാളികളെന്ന് മുദ്രകുത്തി അപമാനിച്ചെന്നാണ് പരാതി.
ഫെബ്രുവരി 20-നാണ് സംഭവം. ദക്ഷിണ ഡൽഹിയിലെ മൽവിയ നഗറിലെ നാലാം നിലയിലെ വാടക ഫ്ലാറ്റില്‍ താമസിക്കുന്ന അരുണാചല്‍ സ്വദേശിനികള്‍ എസി സ്ഥാപിക്കാനായി ടെക്നീഷ്യനെ വിളിച്ചുവരുത്തി. ഇതിനായി ചുവരില്‍ ഡ്രില്ലിങ് നടത്തിയപ്പോള്‍ പൊടിയും മറ്റും താഴെ ഒന്നാംനിലയിലെ ഫ്ലാറ്റിലേക്ക് വീണതുമായി ബന്ധപ്പെട്ടാണ് പ്രശ്നം തുടങ്ങിയത്. ദമ്പതികളായ ഹര്‍ഷ് സിങ്ങും ഭാര്യ റൂബി ജെയിനും വിദ്യാര്‍ഥിനികളോട് തട്ടിക്കയറാന്‍ തുടങ്ങി. ഇവര്‍ ക്ഷമ ചോദിച്ചെങ്കിലും ടെക്നീഷ്യനെ ഉള്‍പ്പെടെ ദമ്പതികള്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. വടക്കുകിഴക്ക് നിന്നുള്ളവര്‍ മോശക്കാരാണെന്നും 500 രൂപയ്ക്ക് സെ്ക്സ് ചെയ്യുന്നവരാണെന്നും ദമ്പതികള്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു.
വിദ്യാഭ്യാസം പോലുമില്ലാത്ത ഇവര്‍ മസാജ് പാര്‍ലറില്‍ സെക്സ് നടത്താന്‍ തയാറാവുന്നവരാണെന്നുള്‍പ്പെടെ ദമ്പതികള്‍ ആരോപിച്ചു. ദമ്പതികള്‍ വിദ്യാര്‍ഥിനികളെ ചീത്ത വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. വിദ്യാര്‍ഥിനികള്‍ ഹര്‍ഷ് സിങ്ങിന്റെ മോശം വാക്കുകളെ ചോദ്യം ചെയ്തപ്പോള്‍ ഭാര്യ അതിലും മോശമായ പരാമര്‍ശങ്ങളാണ് നടത്തിയത്.
പൊലീസെത്തിയിട്ട് പോലും അധിക്ഷേപത്തിന് കുറവുണ്ടായില്ലെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. ഈ ഫ്ലാറ്റിലും മസാജ് പാര്‍ലര്‍ ആരംഭിക്കാനുള്ള ഒരുക്കമാണോയെന്നും ദമ്പതികള്‍ ചോദിച്ചു. ഭര്‍ത്താവിനെ ചോദ്യംചെയ്തത് ഇഷ്ടപ്പെടാത്ത ഭാര്യ റൂബി വിദ്യാര്‍ഥിനികളോട് തന്‍റെ ഭര്‍ത്താവിന്‍റെ കൂടെ വന്ന് കിടക്കാന്‍ ആവശ്യപ്പെട്ടെന്നും ഭര്‍ത്താവിന്‍റെ ശക്തിയെന്താണെന്ന് ബോധ്യപ്പെടുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. തര്‍ക്കത്തിനിടെ ദമ്പതികള്‍ വിളിച്ചതനുസരിച്ച് പൊലീസെത്തുകയും തങ്ങളുടെ പേരില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതതായും വിദ്യാര്‍ഥിനികള്‍ പറയുന്നു.
വടക്കുകിഴക്കന്‍ ജനതയ്ക്കെതിരായ അക്രമങ്ങളും അപമാനവും ഡല്‍ഹിയില്‍ വര്‍ധിച്ചുവരികയാണെന്ന് വിദ്യാര്‍ഥിനികളുടെ അഡ്വക്കേറ്റ് റീന റായ് പറയുന്നു. വടക്കുകിഴക്കന്‍ ജനതയോടുള്ള ഈ അവഗണന അവസാനിപ്പിച്ചേ മതിയാകൂവെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മയും എക്സിലൂടെ പ്രതികരിച്ചു.