ai-generated-image-accident-up

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍ ട്രക്ക് കാറില്‍ ഇടിച്ചുകയറി 12 വയസുകാരനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഖദ്രി ഗേറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബോപുര്‍ ഖുര്‍ദില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഫറൂഖാബാദില്‍ നിന്ന് ഇറ്റാവയിലേക്ക് പോവുകയായിരുന്ന ട്രക്ക് എതിരെ വന്ന കാറില്‍ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറിനെ അല്‍പദൂരം വലിച്ചുകൊണ്ടുപോയശേഷം ട്രക്കും മറിഞ്ഞു.

വിരാട് ശാക്യ (12), മോഹിത്  ഖുദൈസിയ (33), അജയ് റാത്തോഡ് (40) എന്നിവരാണ് മരിച്ചത്. ഇവര്‍ ഏതുവാഹനത്തില്‍ സഞ്ചരിച്ചിരുന്നവരാണെന്ന് ഉറപ്പിച്ചിട്ടില്ല. നാലുപേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സെയ്ഫായിയിലെ ഡോ.രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ഇറ്റാവ – ബറേലി ഹൈവേയിലാണ് അപകടമുണ്ടായത്. Read more: എന്‍കൗണ്ടര്‍ രാജ് തുടര്‍ന്ന് യുപി പൊലീസ്

ട്രക്ക് ഡ്രൈവര്‍ ദേവേന്ദ്ര ശാക്യയുടെ മകനാണ് മരിച്ച വിരാട്. കാറോടിച്ചിരുന്ന ഫത്തേഗഡ് സ്വദേശി മോഹിത് ഖുദൈസിയയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഹിത്തിന്‍റെ പിതാവ് ശശി ഖുദൈസിയ, ദേവേന്ദ്ര ശാക്യ, മകന്‍ സിദ്ധാര്‍ഥ് ശാക്യ, ഹാഥികാന്‍ സ്വദേശി ധ്രുവ്, എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ട്രക്ക് അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ദേവേന്ദ്ര ശാക്യ മദ്യപിച്ചിരുന്നു. ഇയാള്‍ ലോഹിയ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞുവെന്നും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഗ്ല ജെയ്ത്പുര്‍ സ്വദേശിയാണ് ദേവേന്ദ്ര. 

ENGLISH SUMMARY:

A horrific collision between a truck and a car in Uttar Pradesh's Farrukhabad district claimed three lives, including a 12-year-old boy, on Sunday night. The speeding truck, reportedly driven by an intoxicated man, rammed into the car on the Etawah-Bareilly highway and dragged it for some distance before overturning. Four others sustained serious injuries and are currently receiving treatment at Dr. Ram Manohar Lohia Hospital. Police reports indicate that the truck driver fled the hospital following the accident.