അറസ്റ്റ്, അന്വേഷണം, തെളിവുശേഖരണം, കുറ്റപത്രം, വിചാരണ, ശിക്ഷവിധിക്കല്‍, നടപ്പാക്കല്‍... ഇത്രയും നീണ്ട നടപടിക്രമങ്ങളിലൊന്നും യുപി പൊലീസിന് വിശ്വാസമില്ല. ആളെ കൊന്നാല്‍ തിരിച്ചുകൊല്ലുക. അതാണ് കഴിഞ്ഞ പത്തുവര്‍ഷമായി നയം. ഇന്നലെ വാരാണസിയില്‍ ബനാറസി യാദവ് എന്ന കുറ്റവാളിക്കുണ്ടായതും ഇതേ അനുഭവം. വളം വിതരണക്കാരന്‍ മഹേന്ദ്ര ഗൗതമിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ബനാറസി യാദവ്. പൊലീസ് ഒരുലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഷാര്‍പ് ഷൂട്ടര്‍. ഒടുവില്‍ ആ ജോലി യുപി പൊലീസിന്‍റെ പ്രത്യേക ദൗത്യസേന ഏറ്റെടുത്തു.
വാരാണസിയിലെ ചൗബേപുരിലുള്ള ബരിയാസന്‍പുര്‍ റിങ് റോഡില്‍ വച്ച് എസ്.ടി.എഫ് ബനാറസിയെ നേരിട്ടു. തുരുതുരെ വെടിയുതിര്‍ത്തു. വെടിയേറ്റുവീണ യാദവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ക്ക് മരണം സ്ഥിരീകരിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് ബനാറസി യാദവിന്‍റേതെന്ന് കരുതുന്ന രണ്ട് പിസ്റ്റളുകള്‍ പൊലീസ് രേഖയിലാക്കി. മഹേന്ദ്ര ഗൗതമിനെ കൊന്ന കേസില്‍ അരവിന്ദ് യാദവ്, കല്ലു യാദവ് എന്നിവരെക്കൂടി പിടികിട്ടാനുണ്ട്. ബനാറസിയുടെ ഗതിയാകുമോ അവര്‍ക്കെന്ന് കണ്ടറിയാം.
2017നുശേഷം 15,726 ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ട് യുപി പൊലീസ്. അതില്‍ 256 ‘കൊടും’ കുറ്റവാളികളെ വകവരുത്തി. 10,324 പേര്‍ക്ക് പരുക്കേറ്റു. 31,960 ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടന്നത് മീററ്റ് സോണിലാണ്. 4,453 എണ്ണം. കൊല്ലപ്പെട്ടത് 85 പേര്‍. കുറ്റവാളികളുടെ വെടിയേറ്റ് രണ്ട് പൊലീസുകാരും മരിച്ചു. പരുക്കേറ്റ 3131 പേരില്‍ 461 പേര്‍ പൊലീസുകാരാണ്. 1108 ഏറ്റുമുട്ടലുകള്‍ നടന്ന വാരാണസിയാണ് സര്‍ക്കാര്‍ പുറത്തുവിട്ട എലിമിനേഷന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ 27 ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. ആഗ്ര സോണില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ നടന്ന 2374 ഏറ്റുമുട്ടലുകളില്‍ 22 കുറ്റവാളികളെ വകവരുത്തി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ഭയരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുക. ഇതാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം. സ്വാഭാവികമായി നടക്കുന്ന ഏറ്റുമുട്ടലുകള്‍ അല്ല എല്ലാം എന്നതിന് ഈ നിലപാട് തന്നെ തെളിവ്. കഴിഞ്ഞമാസം 22ന് ചിത്രകൂട് ജില്ലയില്‍ ആയുഷ് എന്ന പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ രണ്ട് യുവാക്കളെ പിറ്റേദിവസം തന്നെ പൊലീസ് വകവരുത്തി. പ്രമുഖ വ്യാപാരിയുടെ മകനായ ആയുഷിനെ ബന്ദിയാക്കി പണം തട്ടുകയായിരുന്നു യുവാക്കളുടെ ലക്ഷ്യം അത് പരാജയപ്പെട്ടപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയില്‍ ചുരുട്ടിവച്ചത്. 24 മണിക്കൂര്‍ പിന്നിടുംമുന്‍പ് ബര്‍ഗാദ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഇര്‍ഫാന്‍ അന്‍സാരി, സാവെ ഇമാന്‍ എന്നിവര്‍ കൊല്ലപ്പെട്ടു.
കൊല്ലപ്പെടുന്ന കുറ്റവാളികളുടെ ചെയ്തികള്‍ പലപ്പോഴും കൊലപ്പെടുത്തുന്ന പൊലീസിന് താരപരിവേഷം നല്‍കാറുണ്ട്. ബലാല്‍സംഗക്കേസുകളിലും കുട്ടികള്‍ക്കെതിരായ അതിക്രമക്കേസുകളിലുമൊക്കെ ജനം പൊലീസിനൊപ്പം തന്നെ നില്‍ക്കും. എന്നാല്‍ ജനവികാരവും പ്രതിച്ഛായയും എന്തുതന്നെയായാലും ശിക്ഷവിധിക്കാനും നടപ്പാക്കാനുമുള്ള അധികാരമോ അവകാശമോ പൊലീസിനില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടാണ് എല്ലാം സ്വയരക്ഷാര്‍ഥമുള്ള ‘ഏറ്റുമുട്ടലുകള്‍’ ആയി മാറുന്നത്. അലഹബാദ് ഹൈക്കോടതിയും സുപ്രീംകോടതിയും വരെ പലവട്ടം വടിയെടുത്തിട്ടും ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തടസമില്ലാതെ തുടരുകയാണ്. സമാജ്‍വാദി പാര്‍ട്ടി മുന്‍ എംപി ആത്തിക് അഹമ്മദിന്റെ മകന്‍ ആസാദ് അടക്കം കൊല്ലപ്പെട്ടത് പൊലീസിന്‍റെ ഏറ്റുമുട്ടലില്‍ ആയിരുന്നു.
കൊടും കുറ്റവാളികള്‍ പോലും ശിക്ഷിക്കപ്പെടാതെ പോകുന്നതും, കുറ്റവാളിയെന്ന് കോടതി വിധിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാതെ പോകുന്നതും ജയിലിലും ലോക്കപ്പിലുമെല്ലാം കുറ്റവാളികള്‍ക്ക് വഴിവിട്ട സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതുമൊക്കെ സാധാരണ ജനങ്ങളില്‍ വലിയ അതൃപ്തിയും നിരാശയുമാണ് ഉണ്ടാക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയേണ്ട പൊലീസിനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ട പ്രോസിക്യൂഷനും കോടതികള്‍ക്കും സര്‍ക്കാരിനുമെല്ലാം ഇതില്‍ ഉത്തരവാദിത്തമുണ്ട്. അത്തരം കാതലായ വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകാറേയില്ല. യോഗി സര്‍ക്കാരും അതിന് അപവാദമല്ല. അപ്പോള്‍പിന്നെ ബുള്‍ഡോസര്‍ നയം പോലെ എന്‍കൗണ്ടര്‍ നയവും പുഷ്ടിപ്പെടുന്നതില്‍ അദ്ഭുതമില്ല. അധികാരമില്ലാത്ത പാവം ജനത്തിന് എല്ലാം കണ്ടുനില്‍ക്കാനും കയ്യടിക്കാനുമല്ലാതെ എന്തുചെയ്യാന്‍ കഴിയും.