സെന്‍ട്രല്‍ ജയില്‍ കാണാനുള്ള ആഗ്രഹത്തെ തുടര്‍ന്ന് ഭാര്യയെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി ഭര്‍ത്താവ്. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഭാര്യയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും അനധികൃതമായി തോക്കും വെടിയുണ്ടയും കൈവശം വച്ചതിനുമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി ജീവനക്കാരോടാണ് യുവാവ് നടന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. യുവാവ് പറയുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ ഒരാള്‍ വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു. സംഭവം വിവരിക്കുമ്പോള്‍ അയാള്‍ക്ക് അസാധാരണമായ ധൈര്യമായിരുന്നെന്നാണ് ന് ജീവനക്കാര്‍ പറയുന്നത്.
കോമൾ സിങ് എന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ അഹേരിപൂർ പ്രദേശത്ത് ചരലും മണലും കൊണ്ടുപോകുന്ന ഒരു ട്രാക്ടർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കോമളിന് സെൻട്രൽ ജയിൽ കാണാൻ ആഗ്രഹം തോന്നി. പിന്നൊന്നും നോക്കിയില്ല. തോക്കെടുത്ത് ഭാര്യ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭാര്യയോട് പൊലീസിനെ വിളിക്കാനും പറഞ്ഞു. എന്നാല്‍ ഇടയ്ക്ക്, താൻ തന്നെയാണ് തോക്കുമായി പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങിയതെന്നും യുവാവ് പറയുന്നുണ്ട്. മൂന്ന് തവണ ഒറായി ജയിലിൽ കിടന്നിട്ടുണ്ട്. പക്ഷേ. സെന്‍ട്രൽ ജയിലിൽ ഇതുവരെ കയറിയിട്ടില്ല. ആ ആഗ്രഹം നിറവേറ്റാനാണ് പോകുന്നതെന്നും ഇടയ്ക്ക് ഇയാൾ വിഡിയോയിൽ പറയുന്നു.
വീട്ടിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാൽ വിവാഹം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിൽ ചെറിയ സങ്കടമുണ്ടെന്നും ഇടയ്ക്ക് ഇയാൾ പറയുന്നതും കേൾക്കാം. വളരെ ശാന്തനായും ഇടയ്ക്ക് ചിരിച്ച് കൊണ്ടുമാണ് അയാളുടെ വർത്തമാനം. ആശുപത്രിയിലേക്ക് അയാളെ കൊണ്ടുവന്ന പൊലീസുകാരെയും വിഡിയോയില്‍ കാണാം.
വിഡിയോ വന്ന് നിമിഷങ്ങള്‍ക്കകം വിഡിയോ സൈബറിടത്ത് വൈറലായി. സെന്‍ട്രൽ ജയിലിൽ കയറാൻ വേണ്ടി മാത്രം ഒരാൾ ഭാര്യയുടെ നേരെ തോക്ക് ചൂണ്ടുമോയെന്നായിരുന്നു പലരുടെയും സംശയം. അതേസമയം അയാളുടെ മനോനിലയ്ക്ക് പ്രശ്നമുണ്ടെന്നും ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും ചിലര്‍ ആരോപിച്ചു. ഇന്ന് തമാശയ്ക്ക് തോക്ക് ചൂണ്ടിയ ആള്‍ നാളെ ശരിക്കും കൃത്യം ചെയ്യാന്‍ മടിക്കില്ലെന്ന് ചിലര്‍ ഓര്‍മപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.