AI Image

AI Image

സ്വകാര്യ ആശുപത്രിയില്‍ പ്ലസ് ടു വിദ്യാര്‍ഥി പ്രസവ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍നഗറിലാണ് സംഭവം. റജിസ്ട്രേഷന്‍ പോലുമില്ലാതെ നടത്തിവന്ന സ്വകാര്യ ആശുപത്രിയിലാണ് ദാരുണസംഭവമുണ്ടായത്. അഞ്ചു വര്‍ഷമായി ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ പ്രതികളായ യോഗേഷ് വര്‍മ (32), ശുഭം വിശ്വകര്‍മ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ അഞ്ചാം തീയതിയാണ് പ്രിയങ്കയെന്ന ഗര്‍ഭിണിയെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചത്. ബിഎ മാത്രം വിദ്യാഭ്യാസമുള്ള യോഗേഷും പ്ലസ് ടുക്കാരനായ ശുഭവും ചേര്‍ന്ന് യുവതിക്ക് ശസ്ത്രക്രിയ നടത്തി. പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. പക്ഷേ അനസ്തീസിയ നല്‍കിയ ഡോസ് കൂടിപ്പോയതിനാല്‍ പ്രിയങ്കയ്ക്ക് ബോധം വീണ്ടുക്കാന്‍ കഴിഞ്ഞില്ല. അമിത രക്തസ്രാവവും ആരംഭിച്ചു. നില വഷളായതോടെ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതി മരിക്കുകയായിരുന്നു. പ്രിയങ്ക മരിച്ചതോടെ കുടുംബാംഗങ്ങള്‍ ആശുപത്രിക്ക് മുന്നല്‍ പ്രതിഷേധവുമായെത്തി. ഇതോടെ ആശുപത്രി നടത്തിപ്പുകാരി ഒളിവില്‍ പോയി. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസ് കണ്ടെത്തുകയും ചെയ്തു. 

യോഗേഷും ശുഭവും പരസ്പരം ഡോക്ടര്‍മാരെന്നാണ് വിശേഷിപ്പിച്ചിരുന്നത്. യോഗേഷിന്‍റെ അച്ഛന്‍ ജലാല്‍പുരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ വാര്‍ഡ് അസിസ്റ്റന്‍റായിരുന്നു. അച്ഛനൊപ്പം പോയാണ് ആശുപത്രിയിലെ അടിസ്ഥാന കാര്യങ്ങള്‍ യോഗേഷ് പഠിച്ചെടുത്തത്.വര്‍ഷങ്ങളായി യോഗേഷ് ശസ്ത്രക്രിയകള്‍ നടത്തിവന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. 

രണ്ടാം പ്രതിയായ ശുഭം അടുത്തുള്ള ആശുപത്രിയില്‍ പോയി നിന്ന് ആളുകളെ പരിശോധിക്കുന്നതും കൈയും കാലും ഡ്രസ് ചെയ്യുന്നതും മരുന്ന് വയ്ക്കുന്നതും കുത്തിവയ്ക്കുന്നതുമെല്ലാം പഠിച്ചെടുത്തു. തുടര്‍ന്നാണ് നവജീവന്‍ ഹോസ്പിറ്റലെന്ന വ്യാജ ഹോസ്പിറ്റലില്‍ ഇരുവരും എത്തുന്നത്.

മൂവായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ശസ്ത്രക്രിയകള്‍ക്കായി ഇവര്‍ ഈടാക്കിയിരുന്നത്. തുക തീരെ കുറവായതിനാലാണ് ആളുകള്‍ ഈ ആശുപത്രിയെ സമീപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍  പരിശോധന നടത്തുകയും പൊലീസ് ഇടപെട്ട് അടച്ച് പൂട്ടുകയുമായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ആശുപത്രിക്ക് ലൈസന്‍സോ, ബയോ–മെഡിക്കല്‍ മാലിന്യം സംസ്കരിക്കുന്നതിനുള്ള അനുമതിയോ, കെട്ടിടത്തിന് അഗ്നിരക്ഷാ സേനയുടെ സുരക്ഷാ അനുമതിയോ കൃത്യമായ യോഗ്യതയുള്ള സ്റ്റാഫുകളോ ഇല്ലെന്ന് കണ്ടെത്തിയത്.

ENGLISH SUMMARY:

In a shocking incident of medical negligence in Ambedkar Nagar, Uttar Pradesh, a woman died after a Plus-Two student and a BA graduate performed a Cesarean section on her. The illegal private hospital, which operated without registration for five years, saw 19-year-old Shubham Vishwakarma and 32-year-old Yogesh Varma posing as doctors. The victim, Priyanka, suffered excessive bleeding and never regained consciousness due to an anesthesia overdose. Following her death, police arrested the duo and shut down the 'Navjeevan Hospital,' which lacked any medical licenses or safety clearances. The investigation revealed that the duo learned basic medical procedures by assisting at other clinics and charged low fees to lure poor families.