പയ്യന്നൂരിലെ ഒരുവയസുകാരന്‍ ദേവാന്‍ഷ് ശൗര്യയുടെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്. കുറ്റകരമായ അനാസ്ഥ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി. രാവിലെ എത്തിച്ച കുട്ടിക്ക് വൈകീട്ട് അനസ്തീസിയ നല്‍കുമ്പോഴേക്ക് മുറിവ് ഉണങ്ങിയിരുന്നു. പിഴവ് പറ്റിയപ്പോള്‍ കുഞ്ഞിനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി.
ഇതിനിടെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനിടെ തര്‍ക്കമുണ്ടായെന്ന വിവരങ്ങളും പുറത്തുവന്നു. പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണത്തെച്ചൊല്ലി പ്ലീഡറും ഡി.എം.ഒയും തമ്മിലായിരുന്നു തര്‍ക്കം.ക്രിമിനല്‍ അനാസ്ഥ അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ വീഴ്ച വ്യക്തമാക്കുന്നതാണ് പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജനറല്‍ അനസ്തീസിയ നല്‍കിയതിന് പിന്നാലെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ നിലയ്ക്കുന്ന ഹൈപ്പോക്‌സിക് ഇസ്കെമിക് എന്‍സഫലോപ്പതി എന്ന ഗുരുതാവസ്ഥയാണ് കുട്ടിക്കുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.. ഇതോടെയാണ് മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം പകുതിയിലേറെ അവതാളത്തിലായത്. കീഴ്ചുണ്ടിലും താടിയിലുമായി കണ്ട മുറിവില്‍ ശസ്ത്രക്രിയ നടത്തേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പോയിന്‍റ് 6 സെന്‍റിമീറ്റര്‍, പോയിന്‍റ് 8 സെ.മീ നീളമുള്ള രണ്ട് മുറിവുകളാണ് മുഖത്തുണ്ടായിരുന്നതെന്നും ഇവ ഉണങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, കേസില്‍ തുടര്‍നീക്കങ്ങളിലേക്ക് പൊലീസും ആരോഗ്യവകുപ്പും കടന്നു. കേസിലെ ഏകപ്രതിയായ അനസ്തീസിയ ഡോക്ടര്‍ അഞ്ജലി പൊതുവാള്‍ പൊലീസ് നിര്‍ദേശപ്രകാരം പയ്യന്നൂര്‍ സ്റ്റേഷനില്‍ ഹാജരായി. ചോദ്യം ചെയ്യലില്‍ ചികില്‍സാ പിഴവ് ആരോപണം ഡോക്ടര്‍ നിഷേധിച്ചു.
കുഞ്ഞിന്‍റെ മുറിവിന് തുന്നലിടാന്‍ അനസ്തീസിയ അനിവാര്യമായിരുന്നുവെന്നാണ് ഡോക്ടറുടെ മൊഴി. മൊഴി രേഖപ്പെടുത്തിയ ശേഷം ഡോക്ടറെ വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.