Image credit:x
പണത്തിനായി അന്യപുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കര്‍ണാടകയിലെ ഭല്‍കി സ്വദേശിയായ അഞ്ജനബായ് (22) ആണ് ജീവനൊടുക്കിയത്. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്. ബസവകല്യാണ്‍ സ്വദേശിയായ ശേഖര്‍ പാട്ടീലിനെ 2022ലാണ് യുവതി വിവാഹം കഴിച്ചത്. ബസവകല്യാണിലെ ഓം കോളനിയിലെ ഇവരുടെ വീട്ടിലാണ് അഞ്ജന കുഞ്ഞുമായി കഴിഞ്ഞിരുന്നത്. ഈ വീടിനുള്ളിലാണ് അഞ്ജന ജീവനൊടുക്കിയതും.
കഴിഞ്ഞയാഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മകളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് അഞ്ജനയുടെ പിതാവ് വിജയകുമാര്‍ പറയുന്നത്. ആളുകളെ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുവരുമെന്നും അവരുമായി കിടക്ക പങ്കിടണം, പണം കിട്ടുമെന്നും മകളോട് പറഞ്ഞുവെന്നും പിതാവ് വെളിപ്പെടുത്തുന്നു. മകള്‍ ഇതിന് തയാറല്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ ഗാര്‍ഹിക പീഡനം ആരംഭിച്ചുവെന്നും മാനസികമായും ഉപദ്രവിച്ചുവെന്നും വിജയകുമാര്‍ പറഞ്ഞു.
സഹിക്കാന്‍ പറ്റാതെ വന്നതോടെ അഞ്ജന വിവരം വീട്ടില്‍ വിളിച്ച് അറിയിക്കുകയും തനിക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ലെന്നും വീട്ടിലേക്ക് മടങ്ങിപ്പോരുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് കൂട്ടിക്കൊണ്ടുവരാന്‍ വിജയകുമാര്‍ ഒരുങ്ങുന്നതിനിടെയാണ് അഞ്ജന ജീവനൊടുക്കിയതായി ഫോണ്‍ എത്തിയത്. അഞ്ജനയുടെ കുടുംബത്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ശേഖര്‍, ശേഖറിന്‍റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)