Image Credit:X/HateDetectors
ഉത്തരാഖണ്ഡിലെ മസൂറിയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ യുവതി മരിച്ച നിലയില്‍. 27കാരിയായ രാധാ ഗായത്രിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഗുരുഗ്രാമിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ രാധ ഭര്‍ത്താവ് ശ്രീചരണുമൊത്താണ് മസൂറിയിലെത്തിയത്. രാവിലെ ഉറക്കമെഴുന്നേറ്റ ഭര്‍ത്താവാണ് രാധയെ പൂര്‍ണ നഗ്നയായി രക്തത്തിലും മൂത്രത്തിലും കുളിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 ഓടെയൊണ് തിപ്രി ധറിലെ കിയാന ഹോം സ്റ്റേയിലേക്ക് ഇരുവരും എത്തിയതെന്ന് പൊലീസ് പറയുന്നു. ബ്ലിസ് എന്ന കോട്ടേജിലേക്ക് എത്തിയ ഇരുവരും പുലരുവോളം മദ്യപിച്ചു. 3.30 ഓടെ ഉറങ്ങാന്‍ കിടന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ നഗ്നയായി അനക്കമില്ലാതെ നിലത്ത് മൂത്രത്തില്‍ കുളിച്ച് കിടക്കുന്ന രാധയെയാണ് കണ്ടതെന്നും മൂക്കിലൂടെ ഒലിച്ചിറങ്ങിയ രക്തം തറയിലാകെ പടര്‍ന്നിരുന്നുവെന്നുമാണ് ശ്രീചരണിന്‍റെ മൊഴി.
രാധ ബോധരഹിതയായിക്കിടക്കുന്നുവെന്ന വിവരം ശ്രീചരണ്‍ ഉടന്‍ തന്നെ ഹോം സ്റ്റേ അധികൃതരെയും, അവര്‍ പൊലീസിലും അറിയിച്ചു. 108 ആംബുലന്‍സുമായാണ് പൊലീസെത്തിയത്. ആംബുലന്‍സിലുണ്ടായിരുന്ന നഴ്സ് പരിശോധിച്ചപ്പോള്‍, രാധയ്ക്ക് ജീവന്‍ നഷ്ടമായതായി സ്ഥിരീകരിച്ചു. ബെഡ്ഷീറ്റിലും രക്തം പുരണ്ടിട്ടുണ്ടായിരുന്നുവെന്നും മുറിയില്‍ നിന്ന് ഭക്ഷണവും മദ്യക്കുപ്പികളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
2025 നവംബര്‍ എട്ടിനാണ് വിശാഖപട്ടണം സ്വദേശികളായ ഇരുവരും വിവാഹിതരായത്. രാധയുടെ മൃതദേഹം ഡെറാഡൂണിലെ കൊറോണേഷന്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.