മുംബൈ ലോക്കല്‍ ട്രെയിനില്‍ ബുര്‍ഖ ധരിച്ച് വനിതാ കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്ത് യുവാവ്. വെള്ളിയാഴ്ച തിരക്കുള്ള സമയത്താണ് യുവാവ് വേഷം മാറി ട്രെയിനിലെത്തിയത്. സംശയ തോന്നിയ യാത്രക്കാര്‍ പകര്‍ത്തിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവത്തിന് പിന്നാലെ ആര്‍പിഎഫ് കേസെടുത്തു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്നും യാത്ര തുടങ്ങിയ ട്രെയിനിന്‍റെ സെക്കന്‍ഡ് ക്ലാസ് ലേഡീസ് കോച്ചിലാണ് സംഭവം. തുടക്കത്തില്‍ സംശയം തോന്നാത്ത രീതിയിലാണ് യുവാവ് യാത്ര ചെയ്തത്. പെരുമാറ്റം മാറിയതോടെ കമ്പാര്‍ട്ട്മെന്‍റിലെ സ്ത്രീകള്‍ ഇയാളെ ചോദ്യം ചെയ്യുകയും പുരുഷനാണെന്ന് കണ്ടെത്തുകയുമായിരുന്നു. 

എന്തിനാണ് വനിതാ കമ്പാർട്ടുമെന്റിൽ കയറിയതെന്നും ബുർഖ ധരിച്ചത് എന്തിനാണ് എന്നുമായിരുന്നു യാത്രക്കാരുടെ ചോദ്യം. ഘാട്‌കോപ്പർ സ്റ്റേഷനിലെത്തുമ്പോള്‍ പൊലീസില്‍ ഏല്‍പ്പിക്കാനായിരുന്നു യാത്രക്കാരുടെ പദ്ധതി. എന്നാല്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് ഓടിപോവുകയായിരുന്നു. ഇവിടെ നിന്നും പ്രതി കർജാത്തിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിൽ കയറി രക്ഷപ്പെട്ടു. 

ഘാട്‌കോപ്പർ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ സിസിടിവി പരിശോധിച്ചെങ്കിലും ഇതില്‍ ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. മുളുണ്ട് സ്റ്റേഷനിൽ കർജാത്തിലേക്ക് പോകുന്ന ട്രെയിൻ പോലീസ് പരിശോധിച്ചെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി ആര്‍പിഎഫ് അന്വേഷണം ശക്തമാക്കി. 

ENGLISH SUMMARY:

A man disguised in a burqa was found traveling in a women's compartment on a Mumbai local train, causing a stir and leading to an RPF investigation. The incident, captured on video and shared on social media, highlights a breach of security and passenger safety protocols.