രാത്രിയില്‍ ട്രെയിനിലെ മൊബൈല്‍ ചാര്‍ജിങ് പോയിന്റിലേക്കുള്ള വൈദ്യുതി ഓഫാക്കാന്‍ സോണുകള്‍ക്ക് നിര്‍ദേശം നല്കി റെയില്‍വെ. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് മൊബൈല്‍ ചാര്‍ജിംഗിന് നിയന്ത്രണം. മുംബൈ ലോക്കല്‍ ട്രെയിനില്‍ പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് പുക നിറഞ്ഞ സംഭവത്തിനു പിന്നാലെയാണ് റെയില്‍വെ നടപടി.
ആറു മണിക്കൂര്‍ സമയത്ത് ചാർജിങ് പോയിന്റുകൾ ഓഫാണെന്ന് റെയില്‍വേ ജീവനക്കാര്‍ ഉറപ്പാക്കണമെന്നാണ് സോണുകള്‍ക്ക് നല്കിയ നിര്‍ദേശം. കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്താനും ഒക്ടോബര്‍ 26 ന് അയച്ച കത്തില്‍ റെയില്‍വേ നിര്‍ദേശിക്കുന്നു. ചാർജിങ് പോയിന്റുകൾ കൃത്യസമയത്ത് ഓഫ് ചെയ്യുന്നുണ്ടോ എന്നറിയാന്‍ പരിശോധനകൾ നടത്തും. സുരക്ഷാ നടപടികളില്‍ ഒരു തരത്തിലുള്ള അശ്രദ്ധ കാണിക്കരുതെന്നും റെയില്‍വേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2014 ജൂണ്‍ 19 മുതലാണ് ആദ്യമാണ് ട്രെയിനുകളിലെ ചാർജിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബെംഗളൂരു - ഹസൂർ സാഹിബ് നന്ദേദ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് റെയില്‍വേ സുരക്ഷാ കമ്മീഷന്റെ ശുപാർശ പ്രകാരമായിരുന്നു ഇത്. 2021 മാർച്ചില്‍ ഇത് കര്‍ശനമാക്കാന്‍ റെയിൽവേ നിര്‍ദേശിച്ചിരുന്നു. മുംബൈയിലെ പവര്‍ ബാങ്ക് സംഭവത്തെ തുടര്‍ന്നാണ് നിലവിലുള്ള നിയമം വീണ്ടും കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
രാത്രി 11 മുതൽ പുലർച്ചെ 5 വരെ ചാർജിങ് പോയിന്റുകൾ ലഭ്യമാകില്ലെന്നതിനാല്‍ രാത്രി യാത്ര ആരംഭിക്കുന്നതിന് മുന്‍പ് യാത്രക്കാർ ഫോണുകളും മറ്റ് അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യണം.