Image: @ndtv

  • രാജസ്ഥാനിലും ഹണിമൂണ്‍ കൊലപാതകം
  • നവവരനെ വധുവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
  • മോഷ്ടാക്കള്‍ ആക്രമിച്ചെന്ന് വധു

മേഘാലയ ഹണിമൂണ്‍ കൊലപാതകത്തിനു സമാനമായ രീതിയിലുള്ള സംഭവമാണ് ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്. ശ്രീഗംഗാനഗർ ജില്ലയിലാണ് സംഭവം. പരസ്പരം നന്നായി അറിയുന്ന കുടുംബങ്ങളില്‍ നിന്നുള്ള യുവാവും യുവതിയും തമ്മിലുളള വിവാഹം മൂന്നുമാസം മുന്‍പായിരുന്നു. വ്യാജ റോഡ് അപകടം സൃഷ്ടിച്ചാണ് നവവധു വരനെ കൊലപ്പെടുത്തിയത്.

 

അന്‍പത് വര്‍ഷത്തോളമായി പരസ്പരം അറിയുന്ന രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് സദുല്‍ശഹര്‍ സ്വദേശിയായ അഞ്ജലിയും(23), 1കെഎല്‍എം ഗ്രാമത്തില്‍ നിന്നുള്ള ആഷിഷും(27). ജാതകത്തില്‍ ഉള്‍പ്പെടെ സമ്പൂര്‍ണ പൊരുത്തമുള്ള രണ്ടുപേരായിരുന്നു അഞ്ജലിയും ആഷിഷുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു. ജനുവരി 30നാണ് ഇരുകുടുംബങ്ങളേയും ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. 

 

അന്ന് വൈകുന്നേരം, അഞ്ജലിയും ആഷിഷും, ആഷിഷിന്റെ കസിൻ അങ്കിത്തും ഭാര്യയ്ക്കുമൊപ്പം നടക്കാന്‍ പോയി. സ്ഥിരം നടക്കുന്ന വഴിയിലൂടെയായിരുന്നു ആദ്യം പോയതെങ്കിലും ഒരിടത്തുവച്ച് അങ്കിതും ഭാര്യയും മറ്റൊരു ആവശ്യത്തിനായി പോയതോടെ അ‍ഞ്ജലി ആഷിഷിനെ പരിചിതമല്ലാത്തൊരു വഴിയിലൂടെ കൊണ്ടുപോയി. പിന്നെ കേള്‍ക്കുന്നത് ഇരുവരും അപകടത്തില്‍പ്പെട്ടു എന്നു മാത്രമാണ്. 

 

ആശുപത്രിയിലെത്തിയപ്പോള്‍ ആഷിഷ് മരിച്ചുവെന്ന വാര്‍ത്തയാണ് കുടുംബം അറിഞ്ഞത്. അതേസമയം ബോധരഹിതയായി നടിച്ച അഞ്ജലി ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ സ്വര്‍ണമാല കവര്‍ന്നെടുത്തുവെന്ന് മാത്രമായിരുന്നു പറഞ്ഞത്. മോഷ്ടാക്കള്‍ സൃഷ്ടിച്ച അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ആഷിഷിന്റെ ശരീരത്തിലെ പരിക്കുകളും അഞ്ജലിയുടെ വാക്കുകളിൽ ഉണ്ടായ വൈരുദ്ധ്യവും പൊലീസില്‍ സംശയം സൃഷ്ടിച്ചു. 

 

പൊലീസ് അന്വേഷണത്തില്‍ അ‍ഞ്ജലിയുടെ കാമുകനായ സഞ്ജുവാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തി. വിവാഹമുള്‍പ്പെടെയുള്ള പരിപാടികളില്‍ വെയിറ്ററായി ജോലി ചെയ്യുകയാണ് സഞ്ജുവെന്നും പൊലീസിനു ബോധ്യപ്പെട്ടു. അഞ്ജലിയുമായി ചേര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമെന്നും തെളിഞ്ഞു. സഞ്ജുവും രണ്ട് സുഹൃത്തുക്കളും റോഡിനിരുവശത്തുമായി മറഞ്ഞിരുന്ന് ആഷിഷിനെ ആക്രമിക്കുകയായിരുന്നു. ആദ്യം കഴുത്തു ‍ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അപകടമെന്ന് കാണിക്കാനുള്ള ശ്രമങ്ങളും നടത്തി. മോഷ്ടാക്കള്‍ സൃഷ്ടിച്ച അപകടമെന്ന് ബോധ്യപ്പെടുത്താനായി അഞ്ജലി തന്റെ ആഭരണങ്ങള്‍ സഞ്ജുവിന് നല്‍കുകയും ചെയ്തു. 

 

അഞ്ജലിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ആഷിഷിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ആഷിഷിനെ കുഞ്ഞുനാളില്‍ തന്നെ അമ്മാവനും അമ്മായിയും ദത്തെടുത്ത് വളര്‍ത്തിയതാണ്. അമ്മായിയുടെ സഹോദരിയുടെ മകള്‍ കൂടിയായിരുന്നു അഞ്ജലി. എന്നാല്‍ അഞ്ജലിക്ക് മറ്റൊരു ബന്ധമുള്ള കാര്യം പോലും തങ്ങളാരും അറിഞ്ഞില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

ENGLISH SUMMARY:

Rajasthan honeymoon murder describes a shocking incident where a newlywed bride, Anjali, allegedly murdered her husband, Ashish, three months after their wedding in Sri Ganganagar district. The crime, orchestrated with her lover, aimed to appear as a fake road accident, but inconsistencies in the story led to the discovery of the premeditated murder.