image Credit:x/nalanda_index
ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ അപകട റീല്‍സെടുത്ത് കൗമാരക്കാരന്‍. സമൂഹമാധ്യമമായ എക്സിലാണ് വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. വായില്‍ മണ്ണെണ്ണ നിറച്ച ശേഷം ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തുപ്പി തീ നാളങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍ മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതും തീ പടര്‍ന്ന് കുട്ടിയുടെ മുഖത്തേക്കടക്കം പിടിച്ചു. ഇതോടെ സാരമായി പൊള്ളലേറ്റ കുട്ടി നിലവിളിച്ചോടുന്നത് വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ ചുറ്റും കൂടി നിന്നവര്‍ ഇടപെട്ട് തീ അണയ്ക്കുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
റീലുണ്ടാക്കല്‍ ഭ്രാന്ത് ലോകമെങ്ങും തുടരുകയാണ്. ആദ്യമൊക്കെ ആളുകള്‍ ട്രെയിന് മുന്നിലും റോഡിലും പാലങ്ങളിലും ഒക്കെയാണ് റീല്‍സെടുത്ത് ജീവന്‍ അപകടത്തിലാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ തിക്കളിയാണ്. കുട്ടികള്‍ വരെ ഇതിന് അടിമകളാണ്. ഈ കുട്ടിയെ നോക്കൂ, അവന്‍റെ മുഖത്താണ് തീ പിടിച്ചിരിക്കുന്നത്. ഒരു ദിവസം കൊണ്ടോ മാസങ്ങള്‍ കൊണ്ടോ മാഞ്ഞുപോകുന്നതാണോ ഇത്? ജീവിതകാലം മുഴുവന്‍ ഇതുമായി നടക്കണം. ഇത് 'കണ്ടന്‍റ്' അല്ല, അസംബന്ധമാണ്. ജീവിതകാലം മുഴുവന്‍ അതിന് വില കൊടുക്കേണ്ടി വരും'- സമൂഹമാധ്യമത്തില്‍ വിഡിയോയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ പറയുന്നു. അതേസമയം എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നോ കുട്ടിയുടെ സ്ഥിതി എന്തായെന്നോ വിവരങ്ങളില്ല.
ഇതാദ്യമായല്ല ഇത്തരത്തില്‍ കൗമാരക്കാര്‍ അപകടങ്ങളില്‍പ്പെടുന്നത്. സമാനമായി ഫയര്‍ സ്റ്റണ്ട് കാണിച്ച് സെപ്റ്റംബറില്‍ ഒഡീഷയിലെ 14കാരി ആശുപത്രിയിലായി. ഓഗസ്റ്റില്‍ യുഎസില്‍ 12കാരന്‍ വായില്‍ മദ്യം നിറച്ച് തീയിലേക്ക് തുപ്പിയും പൊള്ളലേറ്റ് വാങ്ങി. ഓടുന്ന വണ്ടിയില്‍ ചാടിക്കയറുക, അപകടകരമായി യാത്ര ചെയ്യുക, അപകട സാധ്യതയേറിയ സ്ഥലത്ത് എത്തി റീല്‍സെടുത്ത് അപകടത്തില്‍പ്പെടുക ഇതൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ കൗമാരക്കാര്‍ കുറച്ച് കാലമായി ചെയ്തുവരുന്നു. വലിയ തരത്തില്‍ ബോധവല്‍ക്കരണം സ്കൂളുകളിലൂടെയും മറ്റും നല്‍കിയെങ്കിലും അത് ഫലവത്താകാന്‍ ഇനിയും സമയമെടുത്തേക്കുമെന്ന ആശങ്കയാണ് വിദഗ്ധര്‍ പ്രകടിപ്പിക്കുന്നത്.