മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്കുള്ള 400മീറ്റര്‍ യാത്രയ്ക്ക് അധികചാര്‍ജ് ഈടാക്കിയ ടാക്സി ഡ്രൈവര്‍ പിടിയിലായി. തന്റെ ദുരനുഭവം യുഎസ് യുവതി എക്സില്‍ പങ്കുവച്ചതോടെയാണ് ഡ്രൈവറുടെ ചതി പുറംലോകമറിഞ്ഞത്.
ജനുവരി 12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുഎസില്‍ നിന്നും മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവതിക്ക് തൊട്ടടുത്ത ഹോട്ടലിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. 400മീറ്റര്‍ ദൂരമുള്ള ഈ ട്രിപ്പ് ഡ്രൈവര്‍ മനപ്പൂര്‍വം വഴിമാറ്റി അന്ധേരി ഈസ്റ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലൂടെ കറങ്ങി യാത്ര ചെയ്തു.
20മിനിറ്റുകള്‍ക്ക് ശേഷമാണ് ഹോട്ടലിലെത്തിച്ചത്. 200 ഡോളറാണ് യുവതിയുടെ കയ്യില്‍ നിന്നും ഇയാള്‍ ഈടാക്കിയത്. അതായത് 18,000രൂപ. മറ്റൊരാള്‍ കൂടി ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് യുവതി എക്സില്‍ പോസ്റ്റ് ചെയ്യുന്നത് ജനുവരി 26നാണ്.
യുവതിയെ ആദ്യം വലിയ ജനസാന്നിധ്യമില്ലാത്ത ഭാഗത്തെത്തിച്ചാണ് പണം ആവശ്യപ്പെട്ടത്. അതുകഴിഞ്ഞ് ഹോട്ടലിലെത്തിച്ചു. എക്സില്‍ പങ്കുവച്ച പോസ്റ്റ് ഒരു ലക്ഷത്തിലേറെപ്പേര്‍ കണ്ടു. ടാക്സിനമ്പര്‍ ഉള്‍പ്പെടെയാണ് യുവതി സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. സംഭവം പൊലീസിന്റെ ശ്രദ്ധയിലും പെട്ടതോടെ ഡ്രൈവറെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തു.