അങ്ങേയറ്റം ഭീതി ജനിപ്പിക്കുന്ന ദൃശ്യങ്ങളാണ് ബെംഗളൂരുവില്‍ നിന്നും പുറത്തുവരുന്നത്. പ്രഭാത നടത്തത്തിനിറങ്ങിയ 31കാരിയെ അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ചുകുടയുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലും പ്രചരിക്കുന്നത്. സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.
റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഏഴുമണിയോടെയാണ് സംഭവം. എച്ച്എസ്ആര്‍ ടീച്ചേഴ്സ് കോളനിയിലെ വീട്ടില്‍ നിന്നും നടക്കാനായി പുറത്തേക്കിറങ്ങിയ യുവതിക്കു നേരെ അയല്‍വീട്ടിലെ നായ ചാടിവീഴുകയായിരുന്നു. നേരെ കഴുത്തിലാണ് കടികിട്ടിയത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവാവിനു നേരെയും നായ ആക്രമണത്തിനു മുതിര്‍ന്നു.
യുവതിയുടെ കഴുത്തില്‍ നിന്നും നായയെ വലിച്ചുമാറ്റാന്‍ യുവാവ് ശ്രമിച്ചെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് സാധ്യമായത്. നായ കടിവിട്ടതോടെ ഒരു വിധത്തില്‍ ഓടി യുവതി വീടിന്റെ ഗേറ്റ് അടച്ചു. മുഖത്തും കഴുത്തിലും കൈകാലുകളിലും ഗുരുതരമായ രീതിയില്‍ പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ ശരീരത്തില്‍ 50ലേറെ സ്റ്റിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നാലെ യുവതിയുടെ ഭര്‍ത്താവ് എച്ച്എസ്ആര്‍ ലേഔട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നായയെ കെട്ടിയിട്ട് വളര്‍ത്താതെ അഴിച്ചുവിട്ട ഉടമയ്ക്കെതിരെ കേസെടുത്തേക്കും.