എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image
ജാര്‍ഖണ്ഡിലെ ചായ്‌ബാസയില്‍ ബൈക്കില്‍ സഞ്ചരിച്ച നാല് യുവാക്കള്‍ ട്രക്കിനടിയില്‍പ്പെട്ട് മരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്ക് വെസ്റ്റ് സിങ്ഭും ജില്ലയിലെ കരൈകേല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാലുപേര്‍ സഞ്ചരിച്ച ബൈക്ക് ട്രക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കില്‍ ഇടിച്ച് വീഴുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ചായ്ബാസ സദര്‍ സ്വദേശി ആകാശ് കുദാദ (19), സുന്ദര്‍നഗര്‍ സ്വദേശി അര്‍ജുന്‍ തുഡ്ഡു (22), സെരായ്‌കേല സ്വദേശികളായ ആകാശ് ഗോപെ (19), രവി ബിരുലി (20) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
ട്രക്ക് ബന്ദ്‌ഗാവില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രക്ക് ഡ്രൈവറുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അമിതവേഗത്തില്‍ വന്ന ബൈക്ക് ട്രക്കിന്‍റെ വശത്ത് ഇടിച്ചുവീഴുകയായിരുന്നു. മരിച്ച യുവാക്കള്‍ മദ്യലഹരിയിലായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് കരൈകേല പൊലീസ് സ്റ്റേഷന്‍ ഇന്‍–ചാര്‍ജ് പ്യാരേ ഹസന്‍ അറിയിച്ചു.