ഛത്തീസ്ഗഡിലെ കോര്‍ബയില്‍ 70 അടി നീളവും 10 ടണ്‍ ഭാരവമുള്ള ഇരുമ്പുപാലം ഒറ്റരാത്രിയില്‍ മോഷ്ടിച്ചു. കനാലിന് കുറുകെ 40 വര്‍ഷം മുന്‍പ് നിര്‍മിച്ച പാലമാണ് ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് മുറിച്ചുകൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ധോദിപറ മേഖലയില്‍ മോഷണം നടന്നത്.
ഞായറാഴ്ച രാവിലെയാണ് പാലം കാണാതായ സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ കൗണ്‍സിലറായ ലക്ഷ്മണ്‍ ശ്രീവാസ് സിഎസ്ഇബി പൊലീസില്‍ പരാതി നല്‍കി. ധോധിപാറ പ്രദേശത്തെ പ്രദേശവാസികൾക്ക് കാൽനടയാത്രയ്ക്കുള്ള പാതയായിരുന്നു ഇത്. സമീപ പ്രദേശത്തെ കോണ്‍ക്രീറ്റ് പാലത്തെയാണ് നിലവില്‍ ആശ്രയിക്കുന്നത്.
വാര്‍ഡ് കൗണ്‍സിലറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രദേശവാസികളായ ലോചൻ കേവത് (20), ജയ്സിംഗ് രാജ്പുത് (23), മോത്തി പ്രജാപതി (27), സുമിത് സാഹു (19), കേശവപുരി ഗോസ്വാമി എന്ന ‘ചിത്രം’ (22) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യ സൂത്രധാരന്മാരായ മുകേഷ് സാഹു, അസ്‍ലം ഖാന്‍ എന്നിവരടക്കം 10 പേര്‍ ഒളിവിലാണ്.
പ്രഥാമിക അന്വേഷണത്തില്‍ ക്യാന്‍കട്ടര്‍ ഉപയോഗിച്ചാണ് പാലം മുറിച്ചെടുത്തതെന്നാണ് കണ്ടെത്തി. തൂക്കിവില്‍ക്കാനാണ് പാലം പുറിച്ചുകൊണ്ടുപോയതെന്ന് പിടിയിലായവര്‍ മൊഴിനല്‍കി. കനാലിനടിയില്‍ ഒളിപ്പിച്ച ഏഴുടണ്‍ ഇരുമ്പ് കണ്ടെടുത്തു. കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. 2022 ല്‍ ബിഹാറിലെ രോഹ്താസ് ജില്ലയില്‍ സമാനരീതിയില്‍ 60 അടി നീളമുള്ള 500 ടണ്ണിന്റെ ഇരുമ്പുപാലം മോഷ്ടിക്കപ്പെട്ടിരുന്നു.