Image Credit: X/ @HateDetectors
ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ചിലുവരുരു ഗ്രാമത്തിലെ ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവാണ് കൊല്ലപ്പെട്ടത്. പ്രതിയായ ലക്ഷ്മി മാധുരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് സഹായം ചെയ്ത കാമുകന്‍ ഗോപിക്കായി തിരച്ചില്‍ നടക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ദമ്പതികളുടെ വീട്ടിലാണ് കൊലപാതകം നടന്നത്. രാത്രിയില്‍ മാധുരി ഭര്‍ത്താവിനായി ബിരിയാണി തയ്യാറാക്കിയിരുന്നു. ഇതില്‍ മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ ഉറക്കി. രാത്രി 11.30 ഓടെ കാമുകന്‍ ഗോപി വീട്ടിലെത്തുകയും ഇരുവരും ചേര്‍ന്ന് നാഗരാജുവിനെ കൊലപ്പെടുത്തുകയുമായിരുന്നു. ഗോപി നാഗരാജുവിന്റെ നെഞ്ചിൽ അമർന്നിരുന്ന് ബലംപ്രയോഗിക്കുകയും മാധുരി തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. സംഭവ സ്ഥലത്തുവച്ചു തന്നെ നാഗരാജു മരിച്ചു.
നാഗരാജുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ഗോപി മടങ്ങിയെങ്കിലും മാധുരി വീട്ടില്‍ തുടര്‍ന്നു. രാത്രി മുഴുവൻ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഈ സമയത്ത് ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് മാധുരി അശ്ലീല വീഡിയോകൾ കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് പുലര്‍ച്ചെ നാലു മണിയോടെയാണ് അയല്‍ക്കാരെ വിവരമറിയിക്കുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടു എന്നായിരുന്നു മാധുരു നാട്ടുകാരെ അറിയിച്ചത്. എന്നാല്‍ മാധുരിയുടെ അവിഹിത ബന്ധങ്ങളെയും ഭര്‍ത്താവുമായുള്ള തര്‍ക്കങ്ങളും അറിയുന്ന നാട്ടുകാരുടെ ഇടപെടലാണ് കേസിലേക്ക് എത്തിയത്. നാഗരാജുവിന്‍റെ ചെവിയിലെ ചോരപ്പാടും ശരീരത്തിലെ മുറിവുകളും കണ്ട സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹ പരിശോധനയില്‍ ശ്വാസംമുട്ടിയാണ് മരണമെന്നും നെഞ്ചിലെ എല്ലുകളിൽ ഒടിവുകളുണ്ടെന്നും കണ്ടെത്തി.