ബരേലയില്‍ കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹങ്ങളുമായി റോഡ് ഉപരോധിക്കുന്ന ബന്ധുക്കള്‍
മധ്യപ്രദേശിലെ ജബല്‍പൂരില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ചികില്‍സയിലുള്ള 11 പേരില്‍ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. കാര്‍ ഓടിച്ച ലഖന്‍ സോണിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ സഹോദരനും കാറുടമയുമായ ദീപക് സോണിയെ അറസ്റ്റ് ചെയ്തു.
ദേശീയപാത അതോറിറ്റിക്കായി കരാര്‍ ജോലി ചെയ്തിരുന്ന ഗ്രാമീണരാണ് ദുരന്തത്തിനിരയായത്. ബരേല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജോലി സ്ഥലത്തിന് സമീപം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തൊഴിലാളി സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. ഗോംതി ബായ് (40), വര്‍ഷ ബായ് (39), കൃഷ്ണ ബായ് (41) എന്നിവരാണ് ചികില്‍സയിലിരിക്കേ മരിച്ചത്. എല്ലാവരും മാണ്ഡ‍്‌ല സ്വദേശികളാണ്.
അപകടത്തെത്തുടര്‍ന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മൃതദേഹങ്ങളുമായി ദേശീയപാത ഉപരോധിച്ചു. കാറോടിച്ചയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ജില്ലാ കലക്ടറും പൊലീസ് മേധാവിയും ഉള്‍പ്പെടെ ഇടപെട്ട് ചര്‍ച്ച നടത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും സാരമായി പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കാമെന്ന് കലക്ടര്‍ എഴുതിനല്‍കി. ദേശീയ പാത അതോറിറ്റി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം അടിയന്തര സഹായം നല്‍കി.
വാഹനം പിടിച്ചെടുത്തെന്നും ലഖന്‍ സോണിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ബരേല എഎസ്‌പി സൂര്യകാന്ത് ശര്‍മ ഉറപ്പുനല്‍കി. പരുക്കേറ്റവര്‍ക്ക് മികച്ച സ്വകാര്യ ആശുപത്രികളില്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.