കൊച്ചി എളമക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ദീക്ഷിതയ്ക്ക് പരുക്കേറ്റ അപകടത്തിൽ നിർണായക വഴിത്തിരിവ്. വിദ്യാർഥിനി സൈക്കിളിൽ നിന്ന് വീണത് കാർ ഇടിച്ചല്ലെന്നും, റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി വാനിന്റെ ഡോർ അശ്രദ്ധമായി തുറന്നപ്പോൾ സൈക്കിൾ ഹാൻഡിലിൽ തട്ടിയതാണെന്നും പൊലീസ് കണ്ടെത്തി.
ജനുവരി 15-ന് ദേശാഭിമാനി റോഡിലായിരുന്നു അപകടമുണ്ടായത്. ആദ്യം ഒരു കാർ ഇടിച്ചതാണെന്ന സംശയത്തിലായിരുന്നു പൊലീസ് അന്വേഷണം നടന്നത്. എന്നാൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാനിന്റെ ഡോർ തുറന്നതാണ് അപകടകാരണമെന്ന് വ്യക്തമായത്.
അപകടത്തിൽ ആന്തരിക രക്തസ്രാവമുണ്ടായ ദീക്ഷിത ഇത്രയും ദിവസം ഐസിയുവിൽ ചികിത്സയിലായിരുന്നു. നിലവില്‍ മുറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഒരു മാസത്തെ വിശ്രമം വേണ്ടിവരുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ഇടുങ്ങിയ റോഡിലെ അശ്രദ്ധമായ പാർക്കിങും ഡോർ തുറക്കുന്നതിലെ ജാഗ്രതക്കുറവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ ബോധ്യമാകുന്ന കാര്യങ്ങള്‍. അപകടം നടന്നതിനു പിന്നാലെ ഈ റോഡിലൂടെ പോയ വാഹനങ്ങളെല്ലാം കണ്ടെത്തി ഉടമകളെ വിളിപ്പിച്ചിരുന്നു. ഇടിച്ചതെന്ന് സംശയിച്ച കാര്‍ ഉടമയെ വിളിച്ചപ്പോള്‍ തന്റെ വണ്ടി ഇടിച്ചിട്ടില്ലെന്നായിരുന്നു ഉടമയും പറഞ്ഞത്. അപകടത്തിന്റെ ലക്ഷണങ്ങളൊന്നും അദ്ദേഹത്തിന്റെ കാറിലും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ലഭ്യമായ എല്ലാ സിസിടിവികളും പരിശോധിച്ചത്.