കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് കഴിഞ്ഞ 3 വര്‍ഷത്തനിടെ വാഹനാപകടങ്ങളില്‍ മരിച്ചത് 10 പേരാണ്. കഴിഞ്ഞ രാത്രിയും മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞ റോഡില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡ് പോലുമില്ല. ദേശീയ പാതയിലെ അപകട കെണിയില്‍ അടിയന്തര ഇടപെടലാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയ പാതയിലെ പന്തീര്‍പാടം മുതല്‍ പടനിലം വരെയുള്ള നാല് കിലോമീറ്ററിലാണ് അപകടം പതിയിരിക്കുന്നത്. കൊടും വളവുകള്‍ കയറ്റം ഇറക്കം വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതെല്ലാം ഈ റോഡിലുണ്ട്. അമിത വേഗത കൂടിയാകുമ്പോള്‍ അപകടം ഇവിടെ പതിവ്. മാക്കൂട്ടം സ്കൂള്‍ മുതല്‍ ഉപ്പഞ്ചേരി വരെ നടപ്പാത പോലുമില്ല. കാല്‍നടയാത്രക്കാരെയും വണ്ടിയിടിക്കുന്ന സ്ഥിതി.
7 വര്‍ഷം മുന്‍പ് കയറ്റം കുറക്കുന്നതിന്‍റെ ഭാഗമായി റോഡ് ലെവലിങ്ങിന് പദ്ധതി തയ്യാറായിരുന്നുവെങ്കിലും കെട്ടിടങ്ങള്‍ പോകുന്നതിനാല്‍ പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. വളവുകളിലടക്കം വീതി കുട്ടാന്‍ മെയിന്‍റനന്‍സ് ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തി ചെയ്തെങ്കിലും വാഹനങ്ങളുടെ തിരക്ക് കൂടിയതോടെ അതും വിഫലമായി. അനധിക്യത പാര്‍ക്കിങ്ങുകളും അലക്ഷ്യമായ ഡ്രൈവിങ്ങും ഇവിടെ അപകടങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.