പ്രതീകാത്മക ചിത്രം
നവവധുവിന്റെ മൃതദേഹം വീടിന്റെ വാതിലിനു മുന്‍പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
നവവധുവിന്റെ മൃതദേഹം മാതാപിതാക്കള്‍ താമസിക്കുന്ന വീടിന്റെ വാതിലിനു മുന്‍പില്‍ കണ്ട സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസമാണ് 9 മാസം മുന്‍പ് വിവാഹിതയായ യുവതിയുടെ മൃതദേഹം വീടിന്റെ മുന്‍പില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞത്. ജനുവരി 16ന് ഹരിഹര്‍നാഥ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
അതിരാവിലെ വാതില്‍ തുറന്ന മാതാപിതാക്കള്‍ മകളുടെ മൃതദേഹം കണ്ടുഞെട്ടി. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ച കുടുംബം വീടിനു പുറത്തെ സിസിടിവി പരിശോധിച്ചതാണ് സംഭവത്തില്‍ വലിയ ട്വിസ്റ്റായത് . മൃതദേഹം ഉപേക്ഷിച്ചത് ഒരു എസ്ഐയുടെ വാഹനത്തിലാണെന്നും കറുത്ത നിറത്തിലുള്ള സ്കോര്‍പിയോ ആയിരുന്നെന്നും കുടുംബം പറയുന്നു. നിലവില്‍ മുസഫര്‍പൂരില്‍ ജോലി ചെയ്യുന്ന എസ്ഐ സന്തോഷ് രജകിന്റെ േപരില്‍ റജിസ്റ്റര്‍ ചെയ്ത വാഹനത്തിലാണ് മൃതദേഹം വീടിനു മുന്‍പില്‍ ഉപേക്ഷിച്ചത്.
എസ്ഐയുടെ അറിവോടെ തന്നെ ഉപയോഗിച്ചതാണോ അല്ലെങ്കില്‍ ദുരുപയോഗം ചെയ്യപ്പെട്ടതാണോയെന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തതായി ഹരിഹര്‍നാഥ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സ്ഥിരീകരിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മരിച്ച സരിത ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിതാവ് ജയപ്രകാശ് മഹ്തോ പറയുന്നു. കര്‍തഹാന്‍ ബുസര്‍ഗ് സ്വദേശിയായ സത്യേന്ദ്രകുമാറുമായി 9 മാസങ്ങള്‍ക്ക് മുന്‍പാണ് സരിതയുടെ വിവാഹം നടന്നത്. എട്ടുലക്ഷം രൂപ സ്ത്രീധനമായി നല്‍കിയെങ്കിലും കുടുതല്‍ ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഉപദ്രവിച്ചിരുന്നുവെന്ന് ജയപ്രകാശ് പരാതിപ്പെടുന്നു. മാത്രമല്ല മകളുടെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയ അടയാളമുണ്ടെന്നും പിതാവ് പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടരുകയാണ്.