AI Image

AI Image

മരിച്ചെന്ന് കരുതി കുടുംബാംഗങ്ങള്‍ സംസ്കരിക്കാന്‍ തയാറെടുക്കുന്നതിനിടെ 103 വയസുള്ള മുതുമുത്തശ്ശിക്ക് ജീവന്‍ തിരികെ കിട്ടി. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രായാധിക്യത്താല്‍ രണ്ടുമാസം മുന്‍പാണ് ഗംഗാബായ് കിടപ്പിലായത്. രണ്ടു ദിവസമായി വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം അ‍ഞ്ചുമണിയോടെ ഗംഗാബായി മരിച്ചുവെന്നാണ് സ്ഥിരീകരിച്ചത്.  ഇതോടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് ഗംഗാബായിയെ കുളിപ്പിച്ചു, സംസ്കാര ചടങ്ങിനുള്ള വസ്ത്രവും ധരിപ്പിച്ചു. കൈകള്‍ തമ്മിലും കാലുകളും കൂട്ടിക്കെട്ടി. 

മുതുമുത്തശ്ശി മരിച്ച വിവരം വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി അകലെയുള്ള ബന്ധുക്കളെയും കുടുംബാംഗങ്ങള്‍ അറിയിച്ചു. മൃതദേഹം സംസ്കരിക്കാന്‍ ഒരുങ്ങുന്നതിനിടെ കുടുംബാംഗങ്ങളിലൊരാള്‍ ഗംഗാബായിയുടെ കാല്‍ വിരല്‍ അനങ്ങുന്നതായി കണ്ടു. ഇതോടെ ഇയാള്‍ ഉറക്കെ വിളിച്ചു. ഓടിയെത്തിയ മറ്റുള്ളവര്‍ ഗംഗാബായിയുടെ മൂക്കില്‍ വച്ചിരുന്ന പഞ്ഞി എടുത്ത് മാറ്റിയതും, സ്വാഭാവികമായി ശ്വസിക്കാന്‍ തുടങ്ങി. ആര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മെല്ലെ പന്തല്‍ അഴിച്ച് ആളുകള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. 

ചൊവ്വാഴ്ചയായിരുന്നു ഗംഗാബായിയുടെ 103–ാം പിറന്നാള്‍. എന്തായാലും മരണവീട് സന്തോഷ വീടായി മാറിയതിന്‍റെ ആശ്വാസത്തിലാണ് ബന്ധുക്കള്‍. സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ദൂരെ നിന്നെത്തിയ ബന്ധുക്കളെല്ലാം ചേര്‍ന്ന് ഒടുവില്‍ ഗംഗാബായിയുടെ പിറന്നാള്‍ ആഘോഷിച്ച് മടങ്ങി. മകള്‍ക്കൊപ്പമാണ് ഗംഗാബായ് നിലവില്‍ താമസിക്കുന്നത്. 

ENGLISH SUMMARY:

A 103-year-old woman named Gangabai from Nagpur, Maharashtra, shocked her family by coming back to life just moments before her funeral. After being declared dead on Monday evening, family members had already bathed her and prepared her body for cremation, including tying her feet and placing cotton in her nose. However, during the final rites, a relative noticed her toe moving, leading to the discovery that she was still breathing naturally. The mourning atmosphere quickly turned into a celebration as the following day was her 103rd birthday. Relatives who traveled from afar to attend her funeral ended up celebrating her birthday instead. This extraordinary incident has become a viral sensation, highlighting a rare medical miracle in the region. Gangabai currently resides with her daughter and is reported to be stable after the incident.