വിദേശത്തുള്ള അച്ഛനുമായി വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടി കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കി. അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ അവസാന വര്‍ഷ പോളി ടെക്നിക് ഡിപ്ലോമ വിദ്യാര്‍ഥിനിയായ ഇന്‍ഷ ഫാത്തിമ(20) ആണ് തൂങ്ങിമരിച്ചത്. ശൈത്യകാലാവധിയായിട്ടും പെണ്‍കുട്ടി വീട്ടില്‍ പോകാതെ ക്യാംപസില്‍ തുടരുകയായിരുന്നുവെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു.
മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അസംഗഡിലുള്ള സഹോദരനുമായി പെണ്‍കുട്ടി സംസാരിച്ചിരുന്നുവെന്ന് സര്‍വകലാശാല പ്രഫസര്‍.മുഹമ്മദ് വസീം അലി പറയുന്നു. ഇതിന് ശേഷമാണ് രാത്രി എട്ടുമണിയോടെ പെണ്‍കുട്ടി പിതാവിനെ വിളിച്ചത്. രണ്ട് പേരോടും തനിക്ക് ജീവിതം മടുത്തുവെന്നും മരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞതായും വിവരമുണ്ട്. പിതാവും സഹോദരനും പെണ്‍കുട്ടിയെ സമാധാനിപ്പിക്കുകയും അരുതാത്തത് ചിന്തിക്കരുതെന്ന് പറയുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെയും കോളജ്, ഹോസ്റ്റല്‍ അധികൃതരെയും കുടുംബം ബന്ധപ്പെടാന്‍ ശ്രമിച്ചു.
പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ഒച്ചപ്പാടും ബഹളവും കേട്ടുവെങ്കിലും സ്വകാര്യതയെ മാനിച്ച് വാതിലില്‍ മുട്ടിയില്ലെന്നും അടുത്ത റൂമിലുള്ളവര്‍ പൊലീസിനോട് വെളിപ്പെടുത്തി. ഒടുവില്‍ ഒന്നരക്കിലോ മീറ്റര്‍ അകലെയുള്ള സുഹൃത്തിനെ വിളിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ ഹോസ്റ്റലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവാവ് ഹോസ്റ്റലില്‍ എത്തിയെങ്കിലും പെണ്‍കുട്ടികളുടെ താമസ സ്ഥലമായതിനാല്‍ സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് പ്രവേശിപ്പിച്ചില്ല. ഹോസ്റ്റല്‍ അധികൃതര്‍ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ജീവനൊടുക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പുകളൊന്നും മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)