സീറ്റിന് മുകളില്‍ കാലെടുത്തു വച്ചതിന് ട്രെയിന്‍ യാത്രക്കാരന് ക്രൂരമര്‍ദ്ദനം. മുംബൈ ലോക്കല്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കാലെടുത്ത വച്ച യാത്രക്കാരനോട് സഹയാത്രികന്‍ ചൂടാകുന്നതും മോശമായി സംസാരിക്കുന്നതും അടിക്കുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
സീറ്റില്‍ കാലുകയറ്റിവച്ച യാത്രക്കാരനോട് സീറ്റ് നിന്‍റെ കാലെടുത്ത് വെയ്ക്കാനാണോ എന്നാണ് യാത്രക്കാരന്‍ ചോദിക്കുന്നത്. മറാത്തയിലാണ് മുഖത്ത് അടിച്ചയാള്‍ സംസാരിക്കുന്നത്. ഈ സമയം പ്രതികരിക്കാതെ സീറ്റില്‍ ഇരിക്കുകയാണ് യാത്രക്കാരന്‍. 'ഇത് നിന്‍റെ കാലെടുത്തു വെയ്‍ക്കേണ്ട സ്ഥലമാണോ' എന്ന് ചോദിച്ച ശേഷം യാത്രക്കാരനോട് ക്ഷുഭിതനായി മുഖത്തടിക്കുകയായിരുന്നു. യാത്രക്കാരനോട് ക്ഷമാപണം നടത്താനും മുഖത്തടിച്ചയാള്‍ ആവശ്യപ്പെടുന്നുണ്ട്.
ആക്രമണത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രണ്ടുതരം അഭിപ്രായങ്ങളുയര്‍ന്നു. അയാൾ തിരിച്ചടിക്കണമായിരുന്നു എന്നാണ് ഒരാള്‍ കമന്‍റിട്ടത്. അങ്ങനെ ഒരാളെ അടിക്കേണ്ട ആവശ്യമില്ലായിരുന്നു. ദുർബലനായവര്‍ക്കു നേരെയും മഹാരാഷ്ട്രക്കാരന്‍ അല്ലാത്തവര്‍ക്കു നേരെയുമാണ് കൈകൾ ഉയർത്തുന്നത്, എന്നും കമന്‍റുണ്ട്.
മറാത്തി സംസാരിക്കുന്നയാള്‍ക്ക് തന്നെ പൗരബോധമില്ലെന്നാണ് മറ്റൊരു കമന്‍റ്. സ്വന്തം നിരാശ പ്രകടിപ്പിക്കുന്നതുപോലെയാണ് അയാള്‍ അടിക്കുന്നത് എന്നും കമന്‍റിലുണ്ട്. യാത്രക്കാരന്‍ യുപിക്കാരനോ ബിഹാറിയോ ആയിരിക്കും. മുംബൈയിലെ മറാത്തികള്‍ ഇവരെ ഒരു കാരണവുമില്ലാതെ അടിക്കുന്നത് തമാശയാണ് എന്നാണ് മറ്റൊരു കമന്‍റ്.