ഫയല്‍ ചിത്രം (ANI)
തന്‍റെ കൂടെ വന്നാല്‍ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളെ തരാമെന്ന ഉത്തരാഖണ്ഡ് വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹുവിന്‍റെ പ്രസ്താന വിവാദത്തില്‍. 20,000 മുതൽ 25,000 രൂപ വരെ നൽകിയാൽ ബിഹാറിൽ നിന്നുള്ള പെൺകുട്ടികളെ വിവാഹത്തിന് ലഭ്യമാണെന്നാണ് ഗിർധാരി ലാൽ പറഞ്ഞത്. കഴിഞ്ഞ മാസം അൽമോറയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു വിവാദ പ്രസ്താവന. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പിന്നാലെ ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് നോട്ടിസയച്ച് ബിഹാർ സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിയോയിൽ,‘നിങ്ങൾ വാർദ്ധക്യത്തിലാണോ വിവാഹം കഴിക്കുന്നത്? നിങ്ങൾക്ക് വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെങ്കില്‍, ഞങ്ങൾ നിങ്ങൾക്കായി ബിഹാറിൽ നിന്ന് ഒരു പെൺകുട്ടിയെ കൊണ്ടുവന്ന് തരാം... 20,000 മുതൽ 25,000 രൂപ വരെ വിലയുള്ള പെൺകുട്ടികളെ നിങ്ങൾക്ക് അവിടെ നിന്ന് ലഭിക്കും’ എന്ന് ഗിർധാരി ലാൽപറയുന്നതായി കാണാം. ‘എന്‍റെ കൂടെ വരൂ, ഞങ്ങൾ നിങ്ങളെ വിവാഹം കഴിപ്പിക്കാം’ എന്നാണ് വേദിയിലുള്ളവരോട് ഗിർധാരി ലാൽ സാഹു പറയുന്നത്.
പ്രസ്താവന വിവാദമായതിന് പിന്നാലെ ക്ഷമാപണം നടത്തി അദ്ദേഹം രംഗത്തെത്തിയിരുന്നു. തന്‍റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്നും ഒരു സുഹൃത്തിന്‍റെ വിവാഹത്തെക്കുറിച്ച് മാത്രമാണ് താൻ ചർച്ച ചെയ്തതെന്നുമാണ് വിഡിയോയിലൂടെ ക്ഷമാപണം നടത്തവേ ഗിർധാരി ലാൽ പറഞ്ഞത്. തന്‍റെ വാക്കുകൾ ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ കൈകൂപ്പി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപി മന്ത്രിയുടെ ഭര്‍ത്താവിന്‍റെ പ്രസ്താവനയില്‍ പാര്‍ട്ടിയും ആകെ പെട്ട മട്ടാണ്. ബിജെപി സംസ്ഥാന ഘടകം പ്രസ്താവനയെ അപലപിക്കുകയും ഗിർധാരി ലാൽ സാഹുവിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരായ ഇത്തരം വിദ്വേഷ ചിന്തകളെയും പ്രസ്താവനകളെയും തന്‍റെ പാർട്ടി ശക്തമായി അപലപിക്കുന്നതായാണ് ബിജെപി സംസ്ഥാന മീഡിയ സെല്ലിന്‍റെ ചുമതലയുള്ള മൻവീർ സിങ് ചൗഹാൻ പറഞ്ഞത്. ഭർത്താവിന്‍റെ പരാമർശത്തിൽ ആര്യയിൽ നിന്ന് ബിജെപി വിശദീകരണം തേടുമോ എന്ന ചോദ്യത്തിന്, ഗിർധാരി ലാൽ സാഹുവുമായി തന്‍റെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഗിർധാരി ലാലിന്‍റെ പരാമർശം ഇന്ത്യയിലെ സ്ത്രീകളെ തന്നെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് പറഞ്ഞു. വിഷയത്തിൽ ബിജെപി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ‘മന്ത്രി രേഖ ആര്യയുടെ ഭർത്താവിന്‍റെ പ്രസ്താവന ഇന്ത്യയിലെ പെൺമക്കളെ അപമാനിക്കുന്നതാണ്, അവർ ബിഹാറിൽ നിന്നായാലും കേരളത്തിൽ നിന്നായാലും ഉത്തരാഖണ്ഡിൽ നിന്നായാലും’ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗണേഷ് ഗോഡിയാൽ പറഞ്ഞു. രേഖ വനിതാ ശിശുക്ഷേമ മന്ത്രിയായതിനാൽ അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ ലജ്ജാകരമാണെന്ന് കോൺഗ്രസ് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്‍റ് ജ്യോതി റൗട്ടേല പ്രതികരിച്ചു. ഇത്തരത്തിലുള്ള ചിന്തകള്‍ മനുഷ്യക്കടത്ത്, ശൈശവ വിവാഹം, സ്ത്രീകളെ ചൂഷണം ചെയ്യൽ തുടങ്ങിയ സാമൂഹിക തിന്മകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ജ്യോതി വ്യക്തമാക്കി.