Image:X, Ishitha Sengar
ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതി കുല്‍ദീപ് സിങ് സെംഗാറിന്റെ മകളുടെ തുറന്ന കത്ത് ചര്‍ച്ചയാകുന്നു. എട്ടുവര്‍ഷമായി താനും കുടുംബവും മോശം സാഹചര്യങ്ങള്‍ അനുഭവിക്കുകയാണെന്ന് ഇഷിത സെംഗാര്‍ പറയുന്നു. ഉന്നാവ് കേസില്‍ സെംഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതിയുെട വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് പ്രതിയുടെ മകളുടെ കത്ത് പുറത്തുവന്നിരിക്കുന്നത്.
‘എട്ടുവര്‍ഷത്തെ പോരാട്ടത്തിനിടെയില്‍ തന്റെ കുടുംബത്തിന്റെ ആത്മവിശ്വാസം ഇല്ലാതാവുകയും നിയമത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. ഭരണഘടനയിൽ വിശ്വസിക്കുന്നതിനാലും ഈ രാജ്യത്തെ നീതി എന്നത് ബഹളങ്ങളെയോ, ഹാഷ്‌ടാഗുകളെയോ, ജനരോഷത്തെയോ ആശ്രയിച്ചല്ല എന്ന് കരുതിയതിനാലും തന്റെ കുടുംബം എട്ട് വർഷം ക്ഷമയോടെ കാത്തിരുന്നു, ബിജെപി എംഎൽഎയുടെ മകൾ എന്ന വിശേഷണം തന്റെ അന്തസും സംസാരിക്കാനുള്ള അവകാശവും ഇല്ലാതാക്കിയതായി തോന്നി. തന്നെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ശിക്ഷിക്കുകയോ വേണമെന്ന് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറഞ്ഞു. എന്നോടും കുടുംബത്തോടുമുള്ള വെറുപ്പ് ദിനംപ്രതി കൂടിവന്നു, നിശബ്ദമായി ഇരിക്കാനാണ് താനും തന്റെ കുടുംബവും തീരുമാനിച്ചിരുന്നത്. പക്ഷേ എന്നിട്ടും അപമാനിക്കപ്പെട്ടു, അധിക്ഷേപിക്കപ്പെട്ടു, മനുഷ്യത്വരഹിതമായി ആളുകള്‍ പെരുമാറി, വസ്തുതകളും തെളിവുകളും ഇല്ലാത്തതുകൊണ്ടോ ദുർബലമായതുകൊണ്ടോ ആയിരുന്നില്ല മറിച്ച് ഞങ്ങളുടെ സത്യം മറ്റുള്ളവര്‍ക്ക് സൗകര്യമായിരുന്നില്ല’– ഇഷിത കുറിക്കുന്നു.
അനീതിയേക്കാളും ഞങ്ങളെ നിശബ്ദരാക്കുന്ന ന്യായാധിപന്‍മാരുടേയും മാധ്യമപ്രവർത്തകരുടേയും സ്ഥാപനങ്ങളുടേയും സാധാരണ പൗരന്മാരുടേയും ശബ്ദമാണ് താനിപ്പോള്‍ ഭയക്കുന്നതെന്നും ഇഷിത. ജോലി തേടി 2017-ൽ തന്റെ വസതിയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ബിജെപി എംഎല്‍എ ശിക്ഷിക്കപ്പെട്ടത്. കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തായി.
ഉന്നാവ് ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്ന കുൽദീപ് സെംഗാർ ഏഴ് വർഷവും അഞ്ച് മാസവും ജയിലിൽ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അദ്ദേഹത്തിൻ്റെ ശിക്ഷ മരവിപ്പിച്ചിരുന്നത്. ബലാത്സംഗക്കേസിലെ ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ നിലനിൽക്കെയാണ് ഹൈക്കോടതി അദ്ദേഹത്തിൻ്റെ ശിക്ഷ മരവിപ്പിച്ചത്.