TAGS

പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ അരയില്‍ സൂക്ഷിച്ച തോക്കില്‍ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. വിദേശത്ത് നിന്ന് അടുത്തിടെ നാട്ടിലെത്തിയ ധനി സുച്ച സിങ് ഗ്രാമത്തില്‍ നിന്നുള്ള ഹർപിന്ദർ സിങ് (30) എന്ന സോനുവാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

വീട്ടിലെ സോഫയിൽ ഇരിക്കുകയായിരുന്ന ഹർപീന്ദർ എഴുന്നേൽക്കുന്നതിനിടെ അരയില്‍ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഹര്‍പിന്ദറിന്‍റെ വയറ്റിലാണ് വെടിയുണ്ട തുളച്ചു കയറിയത്. ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടർമാർ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഈ ആശപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിക്കുന്നത്.

അപകടത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിൽ ഹർപിന്ദർ എഴുന്നേല്‍ക്കുന്നതും പിന്നാലെ വെടിയൊച്ച കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തുന്നതും കാണാം. മുറിയില്‍ നിന്നും താങ്ങിയാണ് ഹർപിന്ദറിനെ പുറത്തെത്തിക്കുന്നത്. ഹർപിന്ദറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. സംസ്കാരവും പൂര്‍ത്തിയായിട്ടുണ്ട്. വിവാഹിതനായ ഹർപീന്ദറിന് രണ്ട് വയസ്സുള്ള ഒരു മകളുമുണ്ട്. സംഭവത്തിൽ സദർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 30-year-old NRI, Harpinder Singh (Sonu), died in Punjab's Ferozepur after his licensed pistol accidentally went off while he was getting up from a sofa. The incident was caught on CCTV.