AI Image
പഞ്ചാബിലെ ഹോഷിയാർപുരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാല്‍സംഗം ചെയ്തയാള്‍ക്കായി തിരച്ചില്‍. പുർഹിരൻ സ്വദേശിയായ ദീപക് കുമാർ ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മേയ് ഇരുപതിനാണ് അതിക്രമം ഉണ്ടായത്. ഇതിനുശേഷം ദീപക് കടന്നുകളയുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയും പ്രതിയും പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ഓൺലൈനിലൂടെ സൗഹൃദം തുടരുകയും, യുവാവ് പെൺകുട്ടിയുടെ വീടിന് സമീപം എത്തിത്തുടങ്ങുകയും ചെയ്തു. മേയ് 20-ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി, പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇൻഡസ്ട്രിയൽ ഏരിയ ഫോക്കൽ പോയിന്റ് പൊലീസ് സ്റ്റേഷൻ പരിധിയില്‍പ്പെട്ട ഒഴിഞ്ഞ കെട്ടിടത്തിലെ മുറിയിലെത്തിച്ചാണ് യുവാവ് ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകളും പോക്‌സോ (POCSO) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് ഹോഷിയാർപുർ പൊലീസ് ദീപക് കുമാറിനെതിരെ കേസെടുത്തത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.