പേരക്കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതി ജയിലില്‍ നിന്നും പൊലീസ് കാവലില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തി. പുണെയിലെ പ്രാദേശിക ഗുണ്ടാനേതാവ് ബന്ദു ആന്തേക്കറാണ് സര്‍ക്കാര്‍ ഓഫീസിലെത്തി നഗരസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചത്.
മുഖം കറുത്ത തുണികൊണ്ട് മറച്ച്, കൈകൾ ബന്ധിച്ച നിലയിലായിരുന്നു വരവ്. പേരക്കുട്ടിയായ ആയുഷ് കോംകറിന്റെ കൊലപാതകക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്തേക്കറിന് പുണെയിലെ പ്രത്യേക മക്കോക്ക കോടതി ഉപാധികളോടെ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്.
ഇതേ കേസിൽ പ്രതികളായ ആന്തേക്കറിന്റെ സഹോദരഭാര്യ ലക്ഷ്മി ആന്തേക്കറും മരുമകൾ സൊണാലിയും കോടതിയുടെ അനുമതിയോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. പുണെയിലും സംസ്ഥാനത്തെ മറ്റ് 28 നഗരസഭകളിലുമുള്ള മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ജനുവരി 15-നാണ് നടക്കുക.
നിലവില്‍ യെര്‍വാഡാ ജയിലിലാണ് ആന്തേക്കര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ നിരവധിപ്പേര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് പിന്തുണയര്‍പ്പിച്ചു. സെപ്റ്റംബർ 5-ന് നാനാ പേഠിൽ വെച്ചാണ് ആന്തേക്കറിന്റെ കൊച്ചുമകന്‍
ആയുഷ് വെടിയേറ്റ് മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന 18 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.