സൂപ്പര്‍താരം വിജയ്​യുടെ ടിവികെയ്ക്കായി രാപ്പകല്‍ പ്രയത്നിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരാശയിലായ വനിതാ നേതാവ് അജിത അഗ്നേല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തൂത്തുക്കുടി ജില്ലാ സെക്രട്ടറി സ്ഥാനം നിരസിക്കപ്പെട്ടതോടെ കടുത്ത അതൃപ്തിയിലായിരുന്നു അജിത. പാര്‍ട്ടി രൂപീകരിക്കപ്പെട്ടത് മുതല്‍ ടിവികെയുടെ സജീവ പ്രവര്‍ത്തകയായ അജിത പതിനഞ്ചിലേറെ ഉറക്കഗുളികകള്‍ കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ് യുവതി. 

ചൊവ്വാഴ്ചയാണ് സാമുവല്‍ രാജ് എന്നയാളെ തൂത്തുക്കുടി സെന്‍ട്രലിന്‍റെ ജില്ലാ സെക്രട്ടറിയായി വിജയ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ അജിത കടുത്ത എതിര്‍പ്പ് ഉയര്‍ത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സാമുവല്‍ സജീവമായിരുന്നില്ലെന്നും താനാണ് സെക്രട്ടറി പദത്തിന് അര്‍ഹയെന്നും അവര്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. തുടര്‍ന്ന് ടിവികെ ആസ്ഥാനമായ പനയൂരില്‍ വിജയ്​യുടെ കാര്‍ തടഞ്ഞും ഓഫിസിന് മുന്നില്‍ ധര്‍ണ ഇരുന്നും അജിതയും അനുയായികളും പ്രതിഷേധിച്ചു. പ്രതിഷേധത്തിന് പിന്നാലെ അജിതയ്ക്കെതിരെ വലിയ സൈബര്‍ ആക്രമണവും ഉണ്ടായി. ഡിഎംകെയുടെ ചാരയെന്നടക്കം ടിവികെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയതോടെ യുവതി മാനസികമായി തകര്‍ന്നു. 

അതിനിടെ ക്രിസ്മസ് ആശംസ അറിയിച്ചുള്ള ബാനറില്‍ തന്‍റെ ചിത്രം ഇല്ലാത്തതില്‍  പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് ടിവികെ പ്രവര്‍ത്തകന്‍ സത്യനാരായണന്‍ തിരുവള്ളൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകമാണ് സത്യനാരായണന്‍ എടുത്ത് കുടിച്ചത്.

ENGLISH SUMMARY:

TVK woman leader Ajitha Agnel attempted suicide by consuming sleeping pills after being denied the Thoothukudi District Secretary post. In a separate incident, another worker Satyanarayanan also attempted suicide in Thiruvallur. Internal rifts and cyber attacks intensify within Vijay's party.