തമിഴ് നടന്‍ വിജയ്‍യും ഭാര്യ സംഗീതയുമായുള്ള വിവാഹമോചന കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ഭാര്യ സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി 250 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ വിജയ് സമ്മതിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചെങ്കല്‍പേട്ട് കുടുംബ കോടതിയില്‍ സംഗീത ഫയൽ ചെയ്ത വിവാഹമോചന ഹര്‍ജിയില്‍ ഏപ്രിൽ 20-ന് പരിഗണിക്കും. ഈ ദിവസം ഹാജരാകാന്‍ കോടതി വിജയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയിലേക്ക് എത്താതെ പ്രശ്നം പരിഹരിക്കാന്‍ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നാണ് വിവരം. ഇരുവരും ധാരണയിലെത്തിയാല്‍ വിവാഹ മോചന ഹര്‍ജി പിന്‍വലിക്കും.
കഴിഞ്ഞാഴ്ചയാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. മറ്റൊരു നടിയുമായി വിജയ്‍ക്ക് വിവാഹേതര ബന്ധം ഉണ്ടെന്നാണ് ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നത്. 2021 ഏപ്രിലിലാണ് വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് കാര്യം സംഗീത അറിയുന്നതെന്നാണ് ചെങ്കല്‍പേട്ട് ജില്ലാ കോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത്. വിവരം ഭാര്യ അറിഞ്ഞതോടെ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് തുടക്കത്തിൽ ഉറപ്പുനൽകി. എന്നാല്‍ പശ്ചാത്താപമില്ലാതെ നടിയുമായി ബന്ധം തുടർന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
2021 സെപ്റ്റംബറിലും 2022 ഫെബ്രുവരിക്കും ഇടയിലായി അഭിഭാഷകന്‍ മുഖേന പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. മക്കളുടെ പഠനവും മാനാസികാവസ്ഥയും പരിഗണിച്ചാണ് തുടര്‍ നടപടികള്‍ വൈകിപ്പിച്ചതെന്നും സംഗീത ഹര്‍ജിയില്‍ പറയുന്നു. 1998 ജൂലായ് പത്തിനാണ് ഇരുവരുടെയും വിവാഹം യുകെയില്‍ വച്ച് നടന്നത്. ഓഗസ്റ്റ് 25 ന് ഹിന്ദു ആചാരപ്രകാരം എഗ്മേറിലും വിവാഹം നടന്നു.