വര്‍ഷങ്ങളായി രണ്ട് കക്ഷികള്‍ മാറിമാറി ഭരിക്കുന്ന തമിഴകം. ഒരുവശത്ത് എഐഎഡിഎംകെ, മറുവശത്ത് ഡിഎംകെ. ആ അങ്കത്തട്ടിലേക്ക് പ്രശസ്തനായ ഒരു നടന്‍ വരുന്നു. ആരാധകരെ അണികളാക്കി ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു. മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണം നേടുന്നു, മുഖ്യമന്ത്രിയാകുന്നു. അത് മറ്റാരുമല്ല, സി. ജോസഫ് വിജയ് എന്ന വിജയ്. വിജയ്‌യുടെ വിജയം തമിഴക രാഷ്ട്രീയത്തിന് ഒരു പുതിയ പാഠമായിരുന്നു. കാലങ്ങളായി തുടര്‍ന്നുവരുന്ന ദ്രാവിഡ പാര്‍ട്ടികളുടെ കുത്തക പൊളിക്കാന്‍ കേവലം ഒരു പുതിയ പാര്‍ട്ടിക്കുപോലും സാധിക്കുമെന്ന പ്രതീക്ഷ! കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നത് ദ്രാവിഡ പാര്‍ട്ടികള്‍ മനസിലാക്കിയില്ലെന്നത് പച്ച യാഥാര്‍ഥ്യം! വിജയ്‌യുടെ ആ വഴി തന്നെയാണോ ബിജെപിയുടെ തമിഴ്‌നാട്ടിലെ കരുത്തുറ്റ മുഖമായിരുന്ന കെ. അണ്ണാമലൈയും സ്വീകരിക്കുന്നത്? അണ്ണാമലൈയുടേത് വെറുമൊരു രാജി മാത്രമായിരുന്നില്ല. സ്വന്തമായി ഒരു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപിയില്‍നിന്നും ഈ മുന്‍ ഐപിഎസ് ഓഫീസറുടെ കളംമാറ്റം. 'നല്ല രാഷ്ട്രീയം തേടുന്ന ഒരു സാധാരണക്കാരന്‍' എന്നാണ് രാജിക്ക് തൊട്ടുപിന്നാലെ അണ്ണാമലൈ തന്റെ സോഷ്യല്‍ മീഡിയ ബയോ മാറ്റിയെഴുതിയത്.
2020 ലാണ് അണ്ണാമലൈ ബിജെപിയില്‍ ചേരുന്നത്. 2021ല്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി. മുഖംനോക്കാതെ കടുത്തഭാഷയില്‍ എതിര്‍പാര്‍ട്ടികളെ കടന്നാക്രമിക്കുന്നതായിരുന്നു അണ്ണാമലൈയുടെ രീതി. എന്നാല്‍ പിന്നീട് 2025ല്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതോടെ അണ്ണാമലൈ പതുങ്ങി. തമിഴ്‌നാട്ടില്‍ ബിജെപി സ്വന്തം നിലയില്‍ വളരണമെന്നായിരുന്നു അണ്ണാമലൈയുടെ ആഗ്രഹം. എന്നാല്‍ തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചതും അദ്ദേഹത്തെ ചൊടിപ്പിച്ചു. ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. മാത്രമല്ല, 2026ലെ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ മത്സരിക്കാന്‍ താല്‍പര്യം കാണിച്ചിട്ടും അണ്ണാമലൈക്ക് ബിജെപി സീറ്റ് നിഷേധിച്ചു. അങ്ങനെ പാര്‍ട്ടിയുമായി അണ്ണാമലൈ അകന്നുതുടങ്ങി. ബിജെപി വച്ചുനീട്ടിയ രാജ്യസഭാ സീറ്റ് അദ്ദേഹം നിരസിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് ബിജെപിയില്‍നിന്നുള്ള അണ്ണാമലൈയുടെ രാജി. അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ ഡല്‍ഹിയില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വം അണ്ണാമലൈയുമായി ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. അണ്ണാമലൈ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ബിജെപി നേതൃത്വം ഉറപ്പുനല്‍കിയെങ്കിലും, സ്വന്തം വഴിക്ക് സഞ്ചരിക്കാന്‍ തീരുമാനിച്ചുറപ്പിച്ച അണ്ണാമലൈയെ തടയാന്‍ അവര്‍ക്കായില്ല. ഒടുവില്‍ വേര്‍പിരിയല്‍! രാജിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട അണ്ണാമലൈ തന്റെ ഭാവി പരിപാടികളും വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു പുതിയ തുടക്കമാണെന്നും യുവാക്കളും സാധാരണക്കാരും ഒപ്പമുനില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പുതിയ പാര്‍ട്ടി തമിഴ്‌നാട്ടില്‍ മത്സരിക്കുമെന്നും, ഭാവിയിലേക്ക് പുതിയ നേതാക്കളെ വാര്‍ത്തെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. പരമ്പരാഗത പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ, ജനങ്ങളുടെ ശക്തിയിലാണ് തനിക്ക് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഐപിഎസ് ഓഫീസറായി ഇന്ത്യയിലുടനീളം ജോലി ചെയ്ത താന്‍, ഒരു ഭാരതീയനാണെന്ന് പറയുന്നതിനൊപ്പം തന്നെ ഒരു തമിഴനാണെന്ന് പറയുന്നതിലും അഭിമാനിക്കുന്നു എന്ന് അണ്ണാമലൈ പറഞ്ഞു. കുടുംബ രാഷ്ട്രീയത്തിനും വ്യക്തിപൂജയ്ക്കും എതിരെയുള്ള രാഷ്ട്രീയമായിരിക്കും തന്റേതെന്നും അണ്ണാമലൈ വ്യക്തമാക്കി. കഴിഞ്ഞ 18 മാസമായി തമിഴ്നാടിന്റെ പല വിഷയങ്ങളിലും ബിജെപി കേന്ദ്ര നേതൃത്വവുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. തമിഴ്‌നാടിന്റെ കാര്യത്തില്‍ ബിജെപിയുടെ നിലപാടുകളോട് പൂര്‍ണമായി യോജിക്കാന്‍ കഴിയാത്തതാണ് ഈ പിന്‍മാറ്റത്തിന് കാരണം. എങ്കിലും, കഴിഞ്ഞ ആറു വര്‍ഷം തനിക്ക് നല്‍കിയ അവസരങ്ങള്‍ക്ക് അദ്ദേഹം ബിജെപിയോട് നന്ദി പറഞ്ഞു. നരേന്ദ്ര മോദി എന്ന നേതാവില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ രാഷ്ട്രീയത്തില്‍ വന്നതെന്നും, ആ ആറു വര്‍ഷം വലിയൊരു പഠനകാലമായിരുന്നുവെന്നും അണ്ണാമലൈ ഓർക്കുന്നു. എന്നാല്‍ ബിജെപിയില്‍നിന്ന് പുറത്തുകടന്ന നിമിഷം മുതല്‍ അത് മാറുകയാണ്. തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ തന്നെയായിരിക്കും തനിക്കും തന്റെ പാര്‍ട്ടിക്കും ഇനി ബിജെപിയെന്നും അണ്ണാമലൈ ഉറപ്പിച്ചുപറയുന്നു.
ബിജെപിയോടുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണ് പാര്‍ട്ടിവിടാന്‍ അണ്ണാമലൈയെ പ്രേരിപ്പിച്ചത് എന്ന് പറയാന്‍ കഴിയില്ല. വിജയ് പുതിയ പാര്‍ട്ടി രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വന്‍ വിജയം നേടി മുഖ്യമന്ത്രിയായത് ദ്രാവിഡ പാര്‍ട്ടികളുടെ കുത്തക പൊളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ അണ്ണാമലൈയ്ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും നല്‍കുന്നുണ്ട്. തമിഴ്‌നാട്ടിലുടനീളമുള്ള യുവാക്കള്‍ക്ക് നേതൃത്വ പരിശീലനം നല്‍കി ഒരു വലിയ ജനകീയ മുന്നേറ്റം നടത്താന്‍ അണ്ണാമലൈ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ മുന്നേറ്റം ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പരിവര്‍ത്തനം ചെയ്യാനാണ് നീക്കം. നിലവില്‍ അണ്ണാമലൈ നടത്തുന്ന 'വി ദി ലീഡേഴ്‌സ്' എന്ന എന്‍ജിഒ ആയിരിക്കും ഈ പുതിയ ജനകീയ മുന്നേറ്റത്തിന് ചുക്കാന്‍പിടിക്കുക. മുന്‍പ് വിജയ്‌യുടെ ആരാധക സംഘമായ ‘വിജയ് മക്കള്‍ ഇയക്കം’ ടിവികെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഓര്‍ക്കണം! അങ്ങനെയെങ്കില്‍ വിജയ് വഴി ഇനി അണ്ണാമലൈയും സഞ്ചരിക്കുമോ? തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് അടിപതറുമ്പോള്‍, ആ രാഷ്ട്രീയ കാലാവസ്ഥ മനസിലാക്കിക്കൊണ്ടാണ് അണ്ണാമലൈയുടെ പുതിയ കരുനീക്കം എന്ന് വ്യക്തം! തമിഴകത്തെ അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവി എന്തായിരിക്കുമെന്ന് ഇനി കാത്തിരുന്ന് കാണാം. മറ്റൊരു വിജയ് ആകാന്‍ അണ്ണാമലൈക്കും മറ്റൊരു ടിവികെ ആകാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിയുമോ എന്ന ചോദ്യം മാത്രം ബാക്കി....