വിവാഹവാഗ്ദാനം നിരസിച്ചതിന്റെ പേരില്‍ 25കാരിയായ വിവാഹിതയെ യുവാവ് വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഡിസംബര്‍ 20ന് ഗുരുഗ്രാമിലെ എംജി റോഡിലാണ് സംഭവം. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വെടിയേറ്റു പരുക്കേറ്റ നിലയില്‍ ഒരു യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നറിഞ്ഞാണ് ഗുരുഗ്രാം പൊലീസ് സ്ഥലത്തെത്തിയത്. ആ സമയത്ത് ചികിത്സയിലിരുന്ന യുവതി മൊഴി നല്‍കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. ഡല്‍ഹി നജഫ്ഗഡ് സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിനു പിന്നില്‍ ഡല്‍ഹി സംഘം വിഹാര്‍ സ്വദേശിയായ തുഷാര്‍ എന്ന വ്യക്തിയാണെന്നും പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഡിസംബര്‍ 19ന് എംജി റോഡിലെ ക്ലബില്‍ ജോലിക്കുപോയ ഭാര്യ പുലര്‍ച്ചെ ഒരുമണിയോടെയാണ് തന്നെ വിളിച്ച് ആക്രമിക്കപ്പെട്ട വിവരം പറഞ്ഞതെന്ന് ഭര്‍ത്താവ് പറയുന്നു. ഒരു മാസം മുന്‍പ് തുഷാര്‍ തങ്ങളുടെ വീട്ടില്‍വന്ന് ബഹളമുണ്ടാക്കിയിരുന്നതായും ഇയാള്‍ പൊലീസിനു മൊഴി നല്‍കി.
അന്വേഷണത്തിനിടെയില്‍ തുഷാര്‍, സുഹൃത്ത് ശുഭം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് മാസം മുന്‍പാണ് യുവതിയെ പരിചയപ്പെട്ടതെന്നും തനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും തുഷാര്‍ പറയുന്നു. പക്ഷേ ആവര്‍ത്തിച്ചു ചോദിച്ചിട്ടും തന്നെ നിരസിച്ചതോടെയാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും തുഷാര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. രണ്ടു പ്രതികളേയും പൊലീസ് ചോദ്യം ചെയ്തുവരികയാണെന്നും മൊഴിയുടേയും തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും സെക്ടര്‍ 29 പൊലീസ് അറിയിച്ചു.