നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കയ്യില്‍ ചുറ്റികയുമായെത്തി ആംബുലന്‍സ് ഡ്രൈവറുടെ പരാക്രമം. ആംബുലന്‍സ് ഡ്രൈവര്‍ മുജീബിനെതിരെയാണ് പരാതി. വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്കാണ് നാടകീയ സംഭവം നടന്നത്.
ചുറ്റിക പിടിച്ച് കൈരണ്ടും പിന്നിലേക്ക് കെട്ടിവച്ചായിരുന്നു ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് മുജീബിന്റെ വരവ്. മുണ്ട് മടക്കിക്കുത്തിയുള്ള ആ വരവ് കണ്ടവര്‍ക്കൊക്കെ അസ്വാഭാവികത തോന്നിയിരുന്നു. ഭീകരാന്തരീക്ഷ സാഹചര്യം എന്ന് തോന്നി പലരും മുജീബിനെ പിന്തുടരുന്നുണ്ടായിരുന്നു. പിന്നാലെ കണ്ടവരെയെല്ലാം പിടിച്ചുമാറ്റിയും ജീവനക്കാരെയൊക്കെ പിടിച്ചു തള്ളിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഡോക്ടര്‍മാരേയും നഴ്സുമാരേയുമൊക്കെ പിടിച്ചുതള്ളാനുള്ള ശ്രമം നടത്തുന്നതും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ആരെയോ തേടിവന്നതാണന്ന് അയാളുടെ ചലനങ്ങളില്‍ നിന്നും വ്യക്തമായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു. ഇന്നലെ രാവിലെ ഏഴുമണിയോട് കൂടി രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ആശുപത്രിക്ക് പുറത്ത് തര്‍ക്കമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അസ്ക്കര്‍ എന്ന ഡ്രൈവറെ പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇയാളെ തിരഞ്ഞാണ് മുജിബ് എത്തിയത് എന്നാണ് സൂചന. തുടര്‍ന്ന് ജീവനക്കാരെല്ലാം ചേര്‍ന്ന് ഇയാളെ ആശുപത്രിയ്ക്ക് പുറത്തെത്തിച്ചു. ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.