AI Image
മക്കളുടെ മുന്നില്‍വച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെയും തീയിലേക്ക് തള്ളിയിട്ടു. ഹൈദരാബാദ് നല്ലകുണ്ട സ്വദേശി വെങ്കിടേഷാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ഭാര്യ ത്രിവേണിയ്ക്കുമേല്‍ വെങ്കിടേഷിനുണ്ടായ സംശയത്തെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനെത്തുടര്‍ന്ന് കുട്ടികളുടെ മുന്നില്‍വച്ച് ഇയാള്‍ ഭാര്യയെ മര്‍ദിച്ചു, തുടര്‍ന്ന് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പേടിച്ചരണ്ട കുട്ടികള്‍ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അവരെയും തീയിലേക്ക് തള്ളിയിട്ട് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ ത്രിവേണി മരിച്ചിരുന്നു. പൊള്ളലുകളോടെ കുട്ടികളെ ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
വെങ്കിടേഷിന്‍റെയും ത്രിവേണിയുടേതും പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് ഒരു മകളും മകനുമാണുള്ളത്. ഭാര്യയില്‍ സംശയമുണ്ടായിരുന്ന വെങ്കിടേഷ് പലപ്പോഴും അവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. നിരന്തരമായ പീഡനം സഹിക്കവയ്യാതെ ത്രിവേണി അടുത്തിടെ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. താന്‍ മാറാമെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് ഇയാള്‍ തിരിച്ചുവിളിക്കുകയായിരുന്നു. ത്രിവേണി തിരിച്ചുവന്നതിന് ശേഷമാണ് നിഷ്ഠൂരമായ കൊലപാതകം.
ഒളിവിൽ കഴിയുന്ന വെങ്കിടേഷിനെ പിടികൂടാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.