AI Generated Image
ബെംഗളൂരുവില്‍ 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ പുരുഷനഴ്സ് പിടിയില്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഒരേ ആശുപത്രിയില്‍ നഴ്സുമാരായി ജോലി ചെയ്യുകയാണ് ചിത്രദുര്‍ഗ സ്വദേശിയായ മമതയും ഹാസന്‍ സ്വദേശിയായ പ്രതി സുധാകറും. അറസ്റ്റിലായ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ക്രിസ്മസ് ദിനത്തില്‍ രാവിലെയാണ് സൗത്ത് ബെംഗളൂരു പ്രഗതിപുരയിലെ വാടകവീട്ടില്‍ താമസിക്കുന്ന മമതയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലുവര്‍ഷമായി ജയദേവ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയാണ് മമത. മമതയ്ക്കൊപ്പം മറ്റൊരു സ്ത്രീ കൂടി ഇതേവീട്ടില്‍ താമസിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പാണ് സുധാകര്‍ ജയദേവ ആശുപത്രിയില്‍ നഴ്സായി ജോലി ആരംഭിച്ചത്.
ആദ്യം സുഹൃത്തുക്കളായിരുന്നെങ്കിലും പതിനാലു വയസ് കുറവുള്ള സുധാകറുമായി മമത പിന്നീട് പ്രണയത്തിലായി. തന്നെ വിവാഹം ചെയ്യണമെന്നും മമത പല തവണ സുധാകറിനോട് ആവശ്യപ്പെട്ടതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. അതിനിടെ ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് സുധാകറിന്റെ കുടുംബം മറ്റൊരു പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വലിയ പ്രശ്നങ്ങളും തര്‍ക്കങ്ങളുമുണ്ടായി.
ഡിസംബര്‍ 24ന് മമത സുധാകറുമായി ഇവരുടെ വാടകവീട്ടിലെത്തി. ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി ജോലിക്ക് പോയ സമയമായിരുന്നു ഇത്. പലകുറി വിളിച്ചിട്ട് കിട്ടാതായതോടെ ഡിസംബര്‍ 25ന് മമതയുടെ കൂടെ താമസിക്കുന്ന പെണ്‍കുട്ടി മമത വീട്ടിലുണ്ടോയെന്ന് പരിശോധിക്കാനായി വീട്ടുടമയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടുടമ വീട്ടില്‍വന്ന് കതകില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നാലെ ജനലിനുള്ളിലൂടെ നോക്കിയപ്പോഴാണ് മമത ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ അയല്‍ക്കാരേയും പൊലീസിനേയും വിവരം അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്– വീട്ടിലെത്തിയ സുധാകറും മമതയുമായി വിവാഹത്തെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും സുധാകര്‍ കറിക്കത്തിയെടുത്ത് മമതയുടെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. 11.50നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. മമതയുടെ സഹോദരന്റെ പരാതിയില്‍ കുമാരസ്വാമി ലേഔട്ട് പൊലീസ് കേസെടുത്തു. ക്രിസ്മസ് ദിനത്തില്‍ വൈകിട്ടോടെ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.