Bengaluru: A train on the Green Line of Namma Metro's Phase-1, from Sampige Road Metro Station to Yelchenahalli Metro Station, before its inauguration in Bengaluru on Saturday. PTI Photo(PTI6_17_2017_000224A)

TOPICS COVERED

മെട്രോ യാത്രയ്ക്കിടെ സഹയാത്രക്കാരനില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് യുവതി. സെന്‍ട്രല്‍ ബെംഗളൂരുവില്‍ നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് 25കാരിക്ക് ദുരനുഭവം ഉണ്ടായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മജസ്റ്റികിന് സമീപത്ത് വച്ചാണ് മുത്തപ്പയെന്ന 55കാരന്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും യുവതിയുടെ ശരീരത്തിലേക്ക് മറി‍ഞ്ഞ് വീഴുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത്. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. ഒരു സ്ത്രീയ്ക്കും പുരുഷനും ഇടയിലായാണ് ഇരുന്നത്. യുവതിയുടെ സമീപത്തിരുന്നയാള്‍ അടുത്തസ്റ്റേഷനില്‍ ഇറങ്ങി. പിന്നാലെയാണ് മുത്തപ്പ ഇരുന്നത്. ഇരുന്നതിന് പിന്നാലെ മുത്തപ്പ വല്ലാതെ അടുത്തിരുന്നുവെന്നും പിന്നാലെ കൈ കൊണ്ട് അമര്‍ത്തിപ്പിടിച്ചുവെന്നും യുവതി പറയുന്നു. അബദ്ധം പറ്റിയതായിരിക്കുമെന്നാണ് കരുതിയതെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കാലുകള്‍ കൊണ്ടും ഇയാള്‍ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. അതിക്രമമാണെന്ന് മനസിലായതും യുവതി സീറ്റില്‍ നിന്നുമെഴുന്നേറ്റ് മുത്തപ്പയെ തല്ലി. അടുത്ത മെട്രോ സ്റ്റേഷനില്‍ ഇറങ്ങുകയും ചെയ്തു. 

മുത്തപ്പയും അതേ സ്റ്റേഷനില്‍ ഇറങ്ങി പിന്നാലെ കൂടി. മുത്തപ്പയെ യുവതി വീണ്ടും തല്ലിയപ്പോള്‍ ആദ്യം കരയുകയും വെറുതേ വിടണമെന്ന് പറയുകയും ചെയ്തുവെങ്കിലും പിന്നീട് ഇയാള്‍ പരിഹസിച്ച് ചിരിക്കാന്‍ തുടങ്ങിയെന്ന് യുവതി പറയുന്നു. ഇതോടെ യുവതി മെട്രോ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടനടി സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും ശാസിച്ച് വിട്ടയയ്ക്കുകയാണ് ചെയ്തത്. പരാതി നല്‍കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ 'ഇങ്ങനെ മോശം പെരുമാറ്റം ഉണ്ടായാല്‍ ഉടന്‍ സീറ്റ് മാറി ഇരിക്കണം എന്നാണ്  പൊലീസുകാര്‍ ഉപദേശിച്ച'തെന്നും യുവതി വെളിപ്പെടുത്തുന്നു. അടുത്തുവന്നിരിക്കുന്നയാള്‍ ലൈംഗികഅക്രമം നടത്തുമെന്ന് തനിക്കെങ്ങനെ അറിയാനാണെന്നും കാണുന്ന മനുഷ്യരെയെല്ലാം സംശയത്തിന്‍റെ നിഴലില്‍പ്പെടുത്താന്‍ പറ്റുമോയെന്നും യുവതി ചോദ്യമുയര്‍ത്തുന്നു. 

ENGLISH SUMMARY:

A 25-year-old woman was sexually harassed by a 55-year-old man named Muthappa inside Bengaluru's Namma Metro. Despite catching the culprit, the victim alleged that the police gave her insensitive advice. The incident occurred near Majestic station while she was returning from work.