ട്രെയിനില്‍വച്ച് ഹൃദയാഘാതം സംഭവിച്ച യുവാവിന് ആംബുലന്‍സ് സൗകര്യം ലഭിക്കാതെ വന്നതോടെ ദാരുണാന്ത്യം. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്–പന്‍വേല്‍ ട്രെയിനില്‍ യാത്ര ചെയ്യവേയാണ് 25കാരനായ ഹര്‍ഷ് പട്ടേലിന് നെഞ്ചുവേദന അനുഭവപ്പെട്ടതും തളര്‍ന്നുവീണതും.
ഡിസംബര്‍ 02ന് ഒന്നരയോടെയാണ് ഹര്‍ഷ് ചെമ്പൂരില്‍ നിന്നും ട്രെയിനില്‍ കയറിയത്. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സഹയാത്രക്കാര്‍ ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. വാശി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഹര്‍ഷിനെ 108ആംബുലന്‍സിലേക്ക് മാറ്റി. എന്നാല്‍ ആ സമയത്ത് ഡ്രൈവര്‍ ഉച്ചഭക്ഷണം കഴിക്കാനായി പോയതായിരുന്നു. ഏറെ നേരം അങ്ങനേയും സമയം നഷ്ടമായി.
പിന്നെയും ഏറെനേരം കഴിഞ്ഞാണ് ഒരു പൊലീസ് ജീപ്പില്‍ ഹര്‍ഷിനെ നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലെത്തിക്കാനായത്. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും യുവാവിന് ജീവന്‍ നഷ്ടമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ യുവാവിനെ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
24 മണിക്കൂറും ആംബുലന്‍സില്‍ ഉണ്ടാവേണ്ട ഡ്രൈവര്‍മാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തയ്യാറാക്കാതെ ഭക്ഷണം പോലും കഴിക്കാന്‍ പോകരുതെന്നിരിക്കെ സംഭവിച്ചതെല്ലാം ഗുരുതരമായ അനാസ്ഥയാണെന്ന് യുവാവിന്‍റെ കുടുംബം ആരോപിച്ചു. റെയില്‍വേ പൊലീസിന്‍റെ ഭാഗത്തും കടുത്ത അനാസ്ഥയാണ് സംഭവിച്ചതെന്ന് കുടുംബം പറയുന്നു.