Image Credit:AI
ബെംഗളൂരുവില്‍ പുലര്‍ച്ചെ ബിരിയാണി കഴിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണുകളും രണ്ട് ബൈക്കുകളും കൊള്ളസംഘം തട്ടിയെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവം ഇന്നലെ പൊലീസ് കേസെടുത്തതോടെയാണ് പുറത്തുവന്നത്. അക്രമികളില്‍ ഒരാളെ പിടികൂടി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബാഗലൂരിലെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥികളാണ് ഞായറാഴ്ച പുലര്‍ച്ചെ ഹോസ്‍കൊട്ടെയിലെ പ്രശസ്ത ഫുഡ് ജോയിന്‍റില്‍ നിന്നും ബിരിയാണി കഴിക്കാന്‍ പുറപ്പെട്ടത്. രണ്ട് ബൈക്കുകളിലായിരുന്നു യാത്ര. വയറുനിറച്ച് ബിരിയാണിയൊക്കെ കഴിച്ച് മടങ്ങുന്നതിനിടെ ടോള്‍ പ്ലാസയ്ക്കരികില്‍ വച്ച് ചിലര്‍ ബൈക്കിന് കൈ കാണിച്ചു. വണ്ടി നിര്‍ത്തിയപ്പോള്‍ 10–12 പേര്‍ അരികിലെത്തി. വിദ്യാര്‍ഥികളെ ബൈക്കില്‍ നിന്ന് വലിച്ചിറക്കി മര്‍ദനം തുടങ്ങി. നാലുപേരുടെയും കയ്യിലുണ്ടായിരുന്ന നാല്‍പ്പതിനായിരത്തോളം രൂപയും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തു. ബൈക്കുമായി അക്രമികള്‍ സ്ഥലം വിട്ടു.
മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ അക്രമികളെ പിന്തുടര്‍ന്നു. ഇതോടെ അക്രമിസംഘം അവരെ ബലംപ്രയോഗിച്ച് മേദഹള്ളിയിലെ ഒഴിഞ്ഞ ഷെഡിലെത്തിച്ചു. ഇവിടെ ബന്ദികളാക്കിയ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പ്രതികളില്‍ ചിലരുടെ ഫോണ്‍ പേ അക്കൗണ്ടുകളിലേക്ക് 1.10 ലക്ഷം രൂപ ട്രാന്‍സ്‍ഫര്‍ ചെയ്യിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിയും വന്നു. ഒടുവില്‍ ബൈക്കുകള്‍ തിരിച്ചുകിട്ടിയോടെ വിദ്യാര്‍ഥികള്‍ അവിടെ നിന്ന് സ്ഥലം വിട്ടു.
കൊള്ളയടിക്കപ്പെട്ട വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് വിദ്യാര്‍ഥികളെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഒരു വിദ്യാര്‍ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവലഹള്ളി പൊലീസ് കേസെടുത്തു. അക്രമികളില്‍ ഒരാളെ പിടികൂടിയെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു. കെ.ജി. ഹള്ളിയില്‍ താമസിക്കുന്ന അര്‍ഫത്ത് അഹമ്മദ് എന്ന ഇരുപത്തിനാലുകാരനാണ് പിടിയിലായത്. മറ്റുള്ളവരെ വൈകാതെ പിടികൂടുമെന്നും കമ്മിഷണര്‍ പറഞ്ഞു.