Image Credit: X/Nikhil saini

ശ്വാസതടസം നേരിട്ട് ആശുപത്രിയിലെത്തിയ രോഗിയെ ഡോക്ടര്‍ മര്‍ദിച്ചെന്ന് പരാതി. ഹിമാചല്‍  പ്രദേശിലെ ഷിംലയിലാണ് സംഭവം. ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയതായിരുന്നു അര്‍ജുന്‍ പന്‍വാര്‍. ബ്രോങ്കോസ്കോപിക്ക് പിന്നാലെ ശ്വാസതടസം മൂര്‍ച്ഛിച്ചതോടെയാണ് അര്‍ജുന്‍ ഡോക്ടറെ വിളിച്ചത്. ‌ശ്വസിക്കാന്‍ കടുത്ത ബുദ്ധിമുട്ടുണ്ടെന്നും  ഓക്സിജന്‍ നല്‍കി സഹായിക്കണമെന്നും ഡോക്ടറോട് പറഞ്ഞപ്പോള്‍ നീ എന്ന് വിളിച്ചുവെന്നും മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞതോടെ 'പഴ്സനലായി എടുക്കേണ്ടെന്നും നീ എന്ന് വിളിച്ചതിന് നീ എന്നേ അര്‍ഥമുള്ളൂ' എന്നുമായിരുന്നു ഡോക്ടറുടെ മറുപടി. പിന്നാലെ തന്നെ അടിക്കാനും ഇടിക്കാനും തുടങ്ങിയെന്നും അര്‍ജുന്‍ പറയുന്നു.

'നീ എന്നാണോ നിങ്ങള്‍ വീട്ടിലുള്ളവരെ വിളിക്കുന്നതെന്നും രോഗികളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും' അര്‍ജുന്‍ ഡോക്ടറോട് പറഞ്ഞു. ഇതോടെ അടിയുടെ ശക്തിയും കൂടി. അര്‍ജുനെ ഡോക്ടര്‍ തലങ്ങും വിലങ്ങും മര്‍ദിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബെഡ്ഡില്‍ കിടക്കുമ്പോഴാണ് അര്‍ജുനെ ഡോക്ടര്‍ തല്ലുന്നത്. 

അടിയും ബഹളവും കണ്ട് ആളുകള്‍ ഓടിക്കൂടി. രോഗിയെ പൊതിരെ തല്ലിയ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടു. വിവാദമായതോടെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേഷന്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി വച്ചു. ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ENGLISH SUMMARY:

A shocking incident reported from IGMC Shimla where a doctor allegedly assaulted a patient, Arjun Panwar, who complained of breathlessness. The row started when the doctor used informal language ('Tu') towards the patient. The assault, captured on video, shows the doctor hitting the patient on the hospital bed. Shimla Police have registered a case, and the hospital administration has formed a committee to investigate.