ഉത്തരേന്ത്യയില്‍ പലയിടത്തും ബജറങ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞു. ഡൽഹി ബദല്‍പൂരില്‍ മാർക്കറ്റിൽ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജരംഗ്‍ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഇത്തരം ആഘോഷങ്ങൾ വീട്ടിലിരുന്നു മതിയെന്നായിരുന്നു ഭീഷണി. മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്മസ് ഉച്ചഭക്ഷണ പരിപാടി ബജരംഗദൾ പ്രവർത്തകർ തടഞ്ഞു. ഹവാബാഗ് കോളേജിന് സമീപം കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂൾ അധികൃതരുടെ അനുമതിയില്ലാതെ വിദ്യാർത്ഥികളെ കൊണ്ടുവന്നു എന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് പരിപാടി നിർത്തിവെപ്പിച്ചത്. മതപരിവർത്തനത്തിന് ആണോ വേശ്യാ വ്യത്തിക്കാണോ വന്നതെന്ന് കുട്ടികളോട് ബിജെപി നേതാക്കള്‍ ചോദിക്കുന്ന വിഡിയോ പുറത്തുവന്നു.
ഹരിദ്വാറിലും ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കി. ഹരിദ്വാറിലെ ഗംഗാതീരത്തുള്ള യുപി ടൂറിസം വകുപ്പിന്റെ ഹോട്ടലിൽ നടത്താനിരുന്ന ക്രിസ്മസ് ആഘോഷമാണ് റദ്ദാക്കിയത്. ഗംഗാ സഭ എന്ന പുരോഹിത സംഘടനയുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ആഘോഷം ഹിന്ദു വിരുദ്ധമന്നാണ് ആരോപണം. കുട്ടികൾക്കായുള്ള കളികൾ മാത്രമാണ് ഉദ്ദേശിച്ചിരുന്നത് എന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. എക്സ്പീരിയൻസ് ക്രിസ്മസ് എന്ന പേരിൽ 24 നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ക്രിസ്മസ് അവധി റദ്ദാക്കി. 25 ന് വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകി. അന്നേ ദിവസം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് നിര്‍ദ്ദേശം.