പൊലീസ് ഇന്‍സ്പെക്ടറുടെ പിന്നാലെനടന്ന് ശല്യം ചെയ്താണെങ്കിലും പ്രണയിപ്പിക്കണം, ഈ നിലപാടുമായി നടക്കുന്ന യുവതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ രണ്ടു ദിവസമായി സോഷ്യല്‍മീഡിയകളിലടക്കം നിറയുന്നുണ്ട്. പ്രണയത്തിനായി പിന്നാലെ നടക്കുന്നത് മാത്രമല്ല, ആത്മഹത്യാ ഭീഷണി നടത്തിയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസം നിന്നുമാണ് യുവതി ബെംഗളൂരു പൊലീസിന് തലവേദനയാകുന്നത്. ഇതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.
രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ പോലീസ് ഇൻസ്പെക്ടർ സതീഷ് ജി.ജെ കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് ഇവിടെ ജോലി ആരംഭിച്ചത്. ഒക്ടോബര്‍ 30 മുതലാണ് പ്രണയമെന്ന് പറഞ്ഞ് ഒരു യുവതി ഓഫീസര്‍ക്ക് പിന്നാലെ നടക്കാന്‍ തുടങ്ങിയത്. ഔദ്യോഗിക ഫോണ്‍ നമ്പറിലേക്ക് തുടര്‍ച്ചയായി വാട്സാപ് കോളുകള്‍ വന്നുതുടങ്ങി. സഞ്ജനയെന്നും വനജയെന്നും പേരുണ്ടെന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി ഇന്‍സ്പെക്ടറോട് പ്രണയമാണെന്നും തിരിച്ചും പ്രണയിക്കണമെന്നും ആവശ്യപ്പെട്ടു.
പര്സ്പര ബന്ധമില്ലാതെ സംസാരിച്ച യുവതി പല നമ്പറുകളില്‍ നിന്നും തുടര്‍ച്ചയായി വിളിക്കാനാരംഭിച്ചു. ആദ്യം പ്രാങ്ക് എന്ന് കരുതിയെങ്കിലും ശല്യമായതോടെ ആ നമ്പറുകളെല്ലാം ഇന്‍സ്പെക്ടര്‍ ബ്ലോക്ക് ചെയ്തു. പിന്നീട് മറ്റൊരു നമ്പറില്‍ നിന്നും വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ അറിയാമെന്നും തന്നെ പ്രണയിച്ചില്ലെങ്കില്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി.
പിന്നാലെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്നും ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും, എന്തുകൊണ്ടാണ് ഇൻസ്പെക്ടർ അവരുടെ കേസ് പരിഗണിക്കാത്തത് എന്ന് അന്വേഷിച്ചുകൊണ്ട് വിളികൾ വന്നതോടെയാണ് വിഷയം വഷളായത്. ആ സ്ത്രീ പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ ഒരിക്കൽ പോലും വന്നിട്ടില്ലെന്നും മോശമായി പെരുമാറുകയാണെന്നും ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.
നവംബര്‍ 7ന് ഒരാളുടെ പരാതി കേള്‍ക്കുന്നതിനിടെ യുവതി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി ഒരു കവര്‍ അദ്ദേഹത്തിനു കൈമാറി. മൂന്ന് കത്തുകളും ഗുളികകളുടെ സ്ട്രിപ്പുകളുമാണ് അതിലുണ്ടായിരുന്നത്. ഈ കത്തുകള്‍ തന്റെ രക്തം കൊണ്ടെഴുതിയതാണെന്നും തന്റെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് തന്റെ ജോലി പോലും തടസപ്പെടുത്തും വിധത്തില്‍ പെരുമാറിയ യുവതിക്കെതിരെ ഇന്‍സ്പെക്ടര്‍ ഔദ്യോഗികമായി പരാതി നല്‍കി.
അന്വേഷണം നടത്തിയപ്പോഴാണ് യുവതിയുെട സ്ഥിരം പരിപാടിയാണെന്നും മുന്‍പും പല ഉന്നത ഉദ്യോഗസ്ഥരുടേയും പിന്നാലെ സമാന ആവശ്യവുമായി എത്തിയിരുന്നെന്നും മനസിലായത്. ഓഫീസറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, ക്രിമിനൽ ഭീഷണി, ആത്മഹത്യാഭീഷണി മുഴക്കിയതിനും യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം തുടരുകയാണ്.